കോതമംഗലം : അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്ന ചെറുവട്ടൂർ സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു. നെല്ലിക്കുഴി ചെറുവട്ടൂർ കണിച്ചാട്ട് അബ്ദുള്ളയുടെ മകൻ ബിലാലാണ് (24)സൗദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടത്. അവിവാഹിതനായിരുന്നു. അർബുദരോഗം മൂർഛിച്ച് റിയാദിലുള്ള കിങ്ങ് സൽമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽ നിന്നും യുവാവ് സൗദിയിലേക്ക് പോയത്. റിയാദിൽ നിന്നും 300 കി.മീ. ദൂരമുള്ള ഷാക്കിറ എന്ന സ്ഥലത്ത് ഡ്രൈവർ വീസയിൽ ഒരു കമ്പനിയിൽ ജോലിക്ക് കയറുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് താമസസ്ഥലത്തു നിന്നും സഹപ്രവർത്തകർ ചേർന്ന് ഷാക്കിറയിലുള്ള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് അസുഖം കൂടിയതിനാൽ അവിടെ നിന്നും വിവിധ മലയാളി അസോസിയേഷനുകളുടെയും നാട്ടുകാരായ അനസ് ബാവ, ഷിനാജ് ചെറുപുറം, മനാഫ് പോണാക്കുടി എന്നീ പ്രവാസി സംഘടനാ പ്രവർത്തകരുടെയും ഇടപെടലിൽ ചൊവ്വാഴ്ചയാണ് വിദഗ്ദ ചികിൽസയ്ക്കായി കിങ്ങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഇതിനിടെ ചികിൽസയ്ക്കായി തിരുവനന്തപുരം RCC യിലേക്ക് കൊണ്ടുവരാനും നാട്ടിൽ നിന്നും ആന്റണി ജോൺ എം.എൽ.എ. മുഖേന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബിലാൽ മരണപ്പെടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ലോക്ക് ഡൗൺ മൂലം ഇപ്പോൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകളൊന്നുമില്ലാത്തതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കം അവിടെ തന്നെ നടത്തും.