നെല്ലിക്കുഴി : പൂർത്തീകരിക്കാനുള്ള SSLC – ഹയർ സെക്കന്ററി പരീക്ഷാ നടത്തിപ്പിനും വരുന്ന അധ്യായന വർഷത്തേക്കു മുള്ള മുന്നൊരുക്കമെന്ന നിലയിലും സമഗ്രമായി നടത്തുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംഘട്ട ശുചീകരണത്തിന് തുടക്കമായി. നീണ്ടനാൾ ക്ലാസ്സ് റൂമുകൾ പൂട്ടിക്കിടന്ന സാഹചര്യത്തിൽ ഉണ്ടാകാവുന്ന സ്വാഭാവികമായ കീടാണുബാധയെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ശക്തമായ അണുനാശിനി എല്ലാ ബിൽഡിങ്ങുകളുടെയും അകത്തും പുറത്തും സ്പ്രേചെയ്തു കൊണ്ടുള്ള ശാസ്ത്രീയമായ ശുചീകരണത്തിനാണ് സ്കൂൾ PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
PTA പ്രസിഡണ്ട് സലാം കാവാട്ട്, പ്രിൻസിപ്പൽ ഇൻചാർജ്ജ് സിമി പി.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി സി.എ.മുഹമ്മദ്, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ നിഷ, അധ്യാപകരായ കെ.എച്ച്.സൈനുദ്ദീൻ, എൻ.പി.നസീമ, പി.ബി.ജലാലുദ്ദീൻ, സ്കൂൾ ഓഫീസ് ജീവനക്കാരായ രാജേഷ് മാപ്പിളകുടിയിൽ, ബഷീർ ഒ.എം. മഞ്ജു,അയ്യപ്പൻ, ക്ലീനിങ്ങ് തൊഴിലാളികളായ രാജൻ, സന്തോഷ് എന്നിവർ പങ്കാളികളായി.
രണ്ടുദിവസം നീളുന്ന ഒന്നാം ഘട്ടശുചീകരണത്തിന് ശേഷം ഒരാഴ്ചകഴിഞ്ഞ് സ്കൂൾ കഴുകി വൃത്തിയാക്കും. തുടർന്ന് കോവിഡ് പ്രതിരോധംകൂടി മുന്നിൽ കണ്ടുകൊണ്ടുള്ള മൂന്നാംഘട്ട ശുചീകരണം പരീക്ഷാ ആരംഭത്തിന് മുമ്പായി കോതമംഗലം ഫയർ ആന്റ് റസ്ക്യു ഫോഴ്സിന്റെ സഹകരണത്തോടെ നടത്തുമെന്നും
തുടർന്ന് ക്ലാസ്സുകൾ തുടർച്ചയായി മുന്നോട്ട് പോകുന്നന്ന മുറയ്ക്ക് സ്കൂൾ അണുവിമുക്തമാക്കുന്ന ശുചീകരണം മാസത്തിൽ ഒരു പ്രാവശ്യമെന്ന രീതിയിൽ നടത്തുമെന്നും PTA പ്രസിഡണ്ട് സലാം കാവാട്ട് വ്യക്തമാക്കി.
പുതിയ അധ്യായന വർഷത്തേക്ക് KG, LP, UP, HS ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ചെറുവട്ടൂർ GMHSSൽ സർക്കാർ നിർദ്ദേശിത തിയ്യതിയായ മെയ് 18 തിങ്കളാഴ്ച മുതൽ ആരംഭിക്കും. വരുന്ന അധ്യായന വർഷം ഹൈടെക് വിദ്യാലയമായി ഉൽഘാടനം ചെയ്യപ്പെടാൻ പോകുന്ന മികവിന്റെ കേന്ദ്രത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ഓഫീസുമായി നേരിൽ ബന്ധപ്പെടുകയോ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് കൈറ്റ് വഴി ഒരുക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ്സ് പി. മൈമുന അറിയിച്ചു.