കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസുമായി നേരിയ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സൂരജ് ജോണ്‍ മലയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎ നേതാക്കളായ ഇ.ടി നടരാജന്‍, അജി നാരായണന്‍, എം.എ വാസു, മനോജ് മനക്കേക്കര, മനോജ് ഇഞ്ചൂര്‍, അനന്തു സജീവന്‍, അരുണ്‍ നെല്ലിമറ്റം, സിന്ധു പ്രവീണ്‍, തിലകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






















































