കൊച്ചി : വരയിൽ ഇന്ദ്രജാലം തീർക്കുകയാണ് നവീൻ ചെറിയാൻ അബ്രഹാം എന്ന 23കാരൻ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന നവീൻ വരയെ കൂടെ കൂട്ടിയിട്ട് 4 വർഷമേ ആയിട്ടുള്ളു. സ്കൂൾ വിദ്യാഭ്യാസ കാലത്തൊന്നും വരയുടെ ലോകത്തേക്ക് എത്തിപെടാതിരുന്ന ഈ ചെറുപ്പക്കാരൻ ഇപ്പോൾ വരയുടെയും, നിറങ്ങളുടെയും ലോകത്താണ്. പാമ്പാടി ക്രോസ്സ് റോഡ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹൈ സ്കൂൾ വിദ്യാഭ്യാസവും, മണർകാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തിയാക്കി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ തെറാപ്പി കോഴ്സ് പടിക്കുന്നതിനിടത്തിലാണ് യാതൃശ്ചികമായി വരയിലേക്ക് വഴുതി വീണത്.
പഠനാവശ്യത്തിനായി റെക്കോർഡ് ബുക്കിൽ ചിത്രം വരച്ചപ്പോൾ അത് കണ്ട് അധ്യാപകരും, സഹപാഠികളും അഭിനന്ദിച്ചു. അങ്ങനെയാണ് ചിത്രങ്ങളെയും, നിറങ്ങളെയും കൂട്ട് പിടിക്കാൻ തീരുമാനിച്ചത്. സ്വന്തം ചിത്രവും, പാലക്കാട് എം ആർ എഫ് ടയേഴ്സിൽ മെക്കാനിക്കൽ എൻജിനിയർ ആയ ജേഷ്ഠൻ നിധിൻ ന്റെ ചിത്രവും വരച്ചു വിജയിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളെയാണ് ഈ നാലു വർഷത്തിനിടയിൽ നവീൻ തന്റെ ക്യാൻവാസിൽ പകർത്തിയത്. അതിൽ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ മുതൽ യുവ താരങ്ങളായ നിവിൻ പോളിയും, ടോവിനോ തോമസും, ആസിഫ് അലിയും വരെ ഉൾപെടും. വിശ്വ പുരുഷൻ ഡോ ശശി തരൂർ, മുൻ മുഖ്യ മന്ത്രി മാരായ വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, എന്നിവരെ കൂടാതെ ഇപ്പോൾ ഏറ്റവും ഒടുവിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയസ് തോമസ് പ്രഥമൻ ബാവയെ വരെ വരച്ചു ബാവയെയും, ജന മനസുകളെ അതിശയിപ്പിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ .
താൻ വരയ്ക്കുന്ന ചിത്രങ്ങൾ അവർക്ക് നേരിട്ട് സമ്മാനിക്കുന്നതോടൊപ്പം ആ പ്രമുഖ വ്യക്തികളുടെ കയ്യൊപ്പും വാങ്ങിയാണ് നവീൻ മടങ്ങുന്നത്. ഇത്തരത്തിൽ കയ്യൊപ്പ് ചാർത്തിയ 16 ൽ പരം ചിത്രങ്ങൾ തന്റെ കോട്ടയം പാമ്പാടിയിലെ നെൽമല വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. ഗ്രാഫൈറ്റ് പെൻസിലും, ചാർകോൾ പെൻസിലും ഉപയോഗിച്ചാണ് ജീവൻ തുടിക്കുന്ന ഈ മിഴിവാർന്ന ചിത്രങ്ങൾ നവീൻ ഒരുക്കുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ യിൽ കഴിയുന്ന വേളയിലാണ് ശ്രേഷ്ഠ കത്തോലിക്കാ ബാവയുമായി നവീൻ അടുത്തിടപഴുകുന്നത്.
ബാവായുടെ ചികിത്സ സംഘത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം. അങ്ങനെയാണ് ബാവായുടെ ചിത്രം വരക്കണമെന്ന ആഗ്രഹം മനസ്സിൽ ഉദിക്കുന്നത്.അന്ന് താൻ പെട്ടന്ന് വരച്ച ചിത്രം ബാവ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വേളയിൽ കാണിച്ച് അനുഗ്രഹവും ആശിർവാദവും വാങ്ങിയിരുന്നു. ഇപ്പോൾ പുത്തെന്കുരിശ് പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കുന്ന ബാവയെ ഈ കഴിഞ്ഞ ദിവസം നേരിൽ കണ്ട് ബാവായുടെ 12×18 ഇഞ്ച് വലിപ്പത്തിലുള്ള “ഫേസ് സ്കെച്ച്” ചിത്രം വരച്ച് അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുകയാണ് ഈ നിറക്കൂട്ടുകാരൻ. കോട്ടയം, പാമ്പാടി നാലുവയലിൽ നെൽമല എബ്രഹാം ഈപ്പന്റെയും, റിനി അബ്രഹാമിന്റെയും രണ്ട് ആണ്മക്കളിൽ ഇളയായളാണ് വർണ്ണലോകത്തെ ഈ പുത്തൻ താരോദയം.