കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അയ്യങ്കാവ് കവലയിൽ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഏതാനും മാസങ്ങൾക്ക് മുൻപ് ദേശീയ പാത അതോറിറ്റി ലക്ഷങ്ങൾ മുടക്കി ഓടകളും കലുങ്കും തീർത്തിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതയും പിടിപ്പുകേടും മൂലം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവായില്ല. മാത്രമല്ല കൂടുതൽ വെള്ളക്കെട്ട് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നു. സ്ക്കൂൾ കുട്ടികളും വഴിയാത്രക്കാരുമടക്കം നടന്നു പോകുന്ന വളരെ തിരക്കേറിയ പ്രദേശമാണ് ഈ പ്രദേശം. സമീപ പ്രദേശങ്ങളിൽ അടുത്തകാലത്തുണ്ടായ നിർമ്മാണ പ്രവർത്തികൾ ഓടകൾ അടഞ്ഞതായും അതുമൂലമാണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
