
കോതമംഗലം : തന്റെ കൊച്ചു പെൻസിലും, വർണ്ണ പേനകളും ഉപയോഗിച്ച് കേരളത്തിലെ നിയുക്ത മന്ത്രി മാരുടെ ചിത്രം വരച്ചു വിസ്മയമാകുകയാണ് ത്രിദേവ് എന്ന കൊച്ചു മിടുക്കൻ. കേരളത്തിൽ ഇപ്പോൾ അധികാരമേറ്റിരിക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങൾ വരച്ചു അവർക്കും, കേരള സർക്കാരിനും ആശംസകൾ അർപ്പിക്കുകയാണ് തന്റെ കുഞ്ഞു വരയിലൂടെ ഈ 9 വയസുകാരൻ. മുവാറ്റുപുഴ റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ 4 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് ത്രിദേവ്. നന്നേ ചെറുപ്പം മുതലേ നിറങ്ങളെ കൂട്ട് പിടിച്ചു ചിത്രരചനയിലേക്ക് വരവറിയിച്ച ഈ മിടുക്കന് വരയും, വർണ്ണങ്ങളും എല്ലാം പുത്തെൻ ആവേശമാണ്.
ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലാത്ത ഈ കുട്ടികലാകാരൻ വരച്ചു വച്ചിരിക്കുന്ന നിയുക്ത മന്ത്രിമാരായ പി രാജീവിന്റെയും, വി. ശിവൻകുട്ടിയുടേയും, വാസവന്റെയും, പ്രൊഫ. ബിന്ദുവിന്റേയും സ്‌പീക്കർ എം. ബി രാജേഷിന്റെയും എല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആരായാലും ഒന്ന് അതിശയിക്കും. സ്കൂളിലെ ചിത്ര രചന മത്സരങ്ങളിലും, മറ്റു സാംസ്‌കാരിക പരിപാടികളിലും ചെറുപ്പം മുതലേ പങ്കെടുക്കാറുള്ള ത്രി ദേവിനു സ്വർണ്ണ നാണയം ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ചിത്ര രചനക്ക് പുറമെ ശില്പ നിർമ്മാണത്തിലും തല്പരനാണ് ഈ കുട്ടി കലാകാരൻ. ചേട്ടന്റെ വരകൾ സസൂക്ഷ്മം വീക്ഷിക്കുന്ന രണ്ടര വയസുകാരൻ കുഞ്ഞനുജൻ ത്രിവേദും ആ വഴിയേ തന്നെയാണ്. കണയന്നൂർ താലൂക് ഓഫീസിലെ സർവെയറായ മുവാറ്റുപുഴ നെല്ലാട് വള്ളിയാത്ത് ബിജു വി എസ് ന്റെയും, ബിൽഡിംഗ് ഡിസൈനറായ നീതുവിന്റെയും മൂത്തമകനാണ് വരയുടെ വഴിയിൽ സഞ്ചരിക്കുന്ന ഈ കൊച്ചു മിടുക്കൻ.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				