മുവാറ്റുപുഴ : ഐക്കരനാട് പൂതൃക്കയിൽ അതിഥി തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് (28) ന് എതിരെ പുത്തൻകുരിശ് പോലീസ് കോലഞ്ചേരി ജെ.എഫ്.സി.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 ജൂലൈയിലാണ് സംഭവം നടന്നത്. സിമൻറ് ഇൻറസ്ട്രീസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശി രാജാദാസ് (28) ആണ് കൊല്ലപ്പെട്ടത്. പണിക്ക് ഉപയോഗിക്കുന്ന കൈകോട്ട് ഉപയോഗിച്ച് അടിച്ച് തല പിളർത്തിയാണ് കൊല ചെയ്തത്. പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കൊലയ്ക്ക് ശേഷം ഇയാൾ രക്ഷപെട്ടു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വഷണം വ്യാപിപ്പിക്കുകയും പിറ്റേന്ന് പ്രതിയെ ചെന്നെ കോയമ്പാട്ട് നിന്ന് പിടികൂടുകയും ചെയ്തു. ഇപ്പോഴും പ്രതി ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ശാസ്ത്രിയ അന്വേഷണം പൂർത്തിയാക്കി, തെളിവുകളുടേയും, സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
ഇൻസ്പെക്ടർമാരായ മഞ്ജു ദാസ്, ടി.ദിലീഷ്, എസ്.ഐ .എസ്.ആർ.സനീഷ്, എ എസ് ഐ സുരേഷ് കുമാർ, എസ് സി പി ഒ ബി.ചന്ദ്രബോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സമയബന്ധിതമായി അന്വഷണം പൂർത്തിയാക്കി കുറ്റം പത്രം സമർപ്പിച്ച ഉദ്യോഗസ്ഥരെ എസ്.പി കാർത്തിക്ക് അഭിനന്ദിച്ചു.