മൂവാറ്റുപുഴ : പുത്തൻകുരിശ് മറ്റക്കുഴിയിൽ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സഹോദരൻ ഐരാറ്റിൽ വീട്ടിൽ ശ്രീകാന്ത് (33) നെ പുത്തൻകുരിശ് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8 ന് ആണ് സംഭവം നടന്നത്. അനിയൻ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടൻ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പോലീസ് സ്റ്റേഷനിൽ അറിയിച്ചതും ഇതു തന്നെയാണ്. ഇൻക്വസ്റ്റിനിടയ്ക്ക് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ട മുറിവാണ് സംഭവത്തിൽ വഴിത്തിരിവായത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.
ഹൃദയത്തിന്‍റെ വാൽവിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ ശ്രീകാന്ത് പിടിയിലാകുന്നത്. അമ്മയെ ശ്രീനാഥ് ഉപദ്രവിക്കുന്നത് കണ്ട് ചെറിയ കത്രികയെടുത്ത് ശ്രീകാന്ത് കുത്തുകയായിരുന്നു. രക്തം വന്നത് തുടച്ചു കളഞ്ഞു. ചെറിയ കത്രികയായിരുന്നതിനാൽ നെഞ്ചിലെ മുറിവ് ശ്രദ്ധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല. പിന്നീട് ശ്രീനാഥിന്‍റെ വസ്ത്രങ്ങൾ മാറ്റിയ ശേഷം ആമ്പുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തു. എസ്.പി.കെ കാർത്തിക്ക്, ഡി.വൈ.എസ്.പി ജി.അജയ്നാധ്, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ ഏലിയാസ് പോൾ, എ.എസ്.ഐ മാരായ ജിനു പി.ജോസഫ്, മനോജ് കുമാർ , എസ്.സി.പി. ഒമാരായ ബി ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ, ഗിരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.