മുവാറ്റുപുഴ : മുവാറ്റുപുഴയിൽ നിന്ന് കലാലോകത്ത് പ്രത്യകിച്ചു മിമിക്രിയുടെ ലോകത്ത് വെന്നിക്കൊടി പാറിച്ചവരാണ് അബിയും, ഷിയാസുമെല്ലാം. എന്നാൽ കഴിവ് ഉണ്ടായിട്ടും നല്ല അവസരങ്ങൾ കിട്ടാത്ത ഒരു മിമിക്രി കലാകാരനാണ് അഭിലാഷ് ആട്ടായം. അഭിനയ മോഹവുമായി നടക്കുന്ന മുവാറ്റുപുഴയുടെ ഈ സ്വന്തം കലാകാരന് ഇതു വരെയും നല്ല അവസരങ്ങൾ ലഭിച്ചില്ല എന്നതാണ് സത്യം. ബാല്യം മുതലേ അതിജീവന പോരാട്ട ജീവിതമാണ് അഭിലാഷിന്റേത്. ചെറുപ്പം മുതലേ അനുകരണ കലയോട് പ്രത്യക ഇഷ്ട്ടം ഉണ്ടായിരുന്നു. മുവാറ്റുപുഴ തർബിയത്ത് സ്കൂളിൽ പഠിക്കുന്ന വേളയിൽ തന്റെ സീനിയർ വിദ്യാർത്ഥിയായ സുമേഷ് സ്കൂൾ വേദിയിൽ മിമിക്രി അവതരിപ്പിച്ചു കയ്യടി നേടിയപ്പോൾ തന്റെ അനുകരണ കലയോടുള്ള മോഹം ഒന്നുകൂടി ഇരട്ടിച്ചു എന്ന് അഭിലാഷ് പറയുന്നു. സുമേഷിനു കിട്ടിയ കയ്യടിയുടെ ആവേശത്തിലാണ് അഭിലാഷ് ആദ്യമായി ശബ്ദാനുകരണം നടത്തുന്നത്.
മാമ്മുക്കോയയുടെയും, ജനാർദ്ദനന്റേയും ശബ്ദം അനുകരിച്ചപ്പോൾ പ്രോത്സാഹ നാവുമായി വിദ്യാർത്ഥികളും, അധ്യാപകരും ഒപ്പം കൂടി. അതിൽ എടുത്ത് പറയേണ്ടത് ജെസ്സി ടീച്ചറിനെ തന്നെയാണ് എന്ന് അഭിലാഷ് പറയുന്നു. 25 വർഷങ്ങൾ അപ്പുറമുള്ള ആ സ്കൂൾ കാലഘട്ടം അഭിലാഷ് ഓർത്തെടുത്തു. പഠിക്കാൻ പുറകോട്ടാണെങ്കിലും, മിമിക്രിയിൽ മുന്നോട്ടാണല്ലോ എന്ന ജെസ്സി ടീച്ചറുടെ തമാശ നിറഞ്ഞ പ്രോത്സാഹനം തനിക്ക് പുത്തൻ ഊർജമാണ് സമ്മാനിച്ചതെന്ന് ഈ കലാകാരൻ പറയുന്നു. പത്താം ക്ലാസ്സ് പഠനത്തിന് ശേഷം പല മിമിക്രി ട്രൂപ്പുകളിലും പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം തന്റെ സീനിയർ ആയി പഠിച്ചു അന്ന് സ്കൂളിൽ മിമിക്രിയിൽ കയ്യടി നേടിയ സുമേഷ് ഗുഡ് ലക്ക് മായി ചേർന്ന് ഗുഡ് ലക്ക് വിഷൻ എന്ന ട്രൂപ് ഉണ്ടാക്കി. അങ്ങനെ ചെറിയ ചെറിയ പ്രോഗ്രാമുകൾ അവതരിപ്പിച്ചു നടന്നു. അതിന്റെ ഇടയിൽ ചില സ്ഥാപനകളുടെ നോട്ടീസ് വിതരണവും.
രാവിലെ നോട്ടീസുമായി ഇറങ്ങിയാൽ മുവാറ്റുപുഴ, കോതമംഗലം മേഖലയിലെ കടകളിൽ കയറി വിതരണം നടത്തി വൈകിട്ട് ആകുമ്പോൾ ചെറിയ ഒരു തുക കിട്ടും. അതുകൊണ്ട് ഒക്കെയാണ് ഈ കലാകാരൻ കഴിഞ്ഞ് കൂടിയിരുന്നത്. നോട്ടീസ് വിതരണത്തിന് പുറമെ വാർക്ക പണിക്കും പോയിട്ടാണ് തന്റെ നിർധന കുടുംബം നോക്കിയിരുന്നത്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ഈ യുവ കലാകാരന്റെ അവസ്ഥ മനസിലാക്കിയ മുവാറ്റുപുഴ യിലെ മാധ്യമ പ്രവർത്തകനായ ജോൺസൻ മാമലശേരിയും, പൊതു പ്രവർത്തകനായ സുഗതനും ചേർന്നാണ് മനോജ് ഗിന്നസിനെ പരിചയപ്പെടുത്തുന്നത്. അന്ന് മിമിക്രി ഓഡിയോ കാസ്സറ്റിന്റെ ഒരു തരംഗം നിലനിൽക്കുന്ന സമയം കൂടിയാണ്. അങ്ങനെ ഏതാനും ഓഡിയോ കാസ്സറ്റിനു വേണ്ടി വർക്ക് ചെയ്തു. പിന്നീട് ഉത്സവ പറമ്പിലും, സ്കൂൾ, കോളേജ് എന്നിവിടങ്ങളിലുമായി വേദികൾ കിട്ടി തുടങ്ങി.
പാഷാണം ഷാജി, രാജേഷ് പറവൂർ, അജി പുന്നപ്ര, പ്രശാന്ത് കാഞ്ഞിരമറ്റം, രമേഷ് പിഷാരടി, കൊല്ലം സിറാജ്, ഹരിശ്രീ ബ്രിജീഷ്, പ്രദീപ് പള്ളുരുത്തി എന്നിവരൊടോപ്പം പല വേദികൾ പങ്കിട്ടു. അവർ ഉയരങ്ങൾ കീഴടക്കിയപ്പോൾ അപ്പോഴും ഈ ചെറുപ്പക്കാരനെ ഭാഗ്യം തുണച്ചില്ല എന്നുവേണം പറയാൻ. എങ്കിലും പരിഭവങ്ങൾ ഒന്നും ഇല്ലാതെ തന്റെ കാലാവസാനയുമായി അദ്ദേഹം മുന്നോട്ടുപോയികൊണ്ടിരുന്നു.2016ൽ ആണ് ഫ്ളവര്സ് ചാനലിലെ കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ആ പ്രോഗ്രാമിൽ സ്പോട് ഡബ്ബിങ്ങിൽ കലാഭവൻ മണിയെ അനുകരിച്ച് മിന്നും പ്രകടനമാണ് അഭിലാഷ് നടത്തിയത്.
വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച അന്ധനായ ദാമു എന്ന കഥാപാത്രത്തിന് സ്പോട് ഡബ്ബിങ് നടത്തി കോമഡി ഉത്സവത്തിലൂടെ ഏറെ പ്രേക്ഷക പിന്തുണയാണ് ഈ കലാകാരന് ലഭിച്ചത്.ചത്തോ…. അയാള് ചത്തോ…. ലക്ഷ്മി എനിക്കി കണ്ണ് വേണ്ട… നശിച്ചി ലോകം കാണാൻ എനിക്കി കണ്ണ് വേണ്ട എന്ന് പറഞ്ഞ് അഭിലാഷ് ഭാവ അഭിനയ പ്രകടനം നടത്തുമ്പോൾ അയാൾ അഭിനയിക്കുകയായിരുന്നില്ല, ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും. അത്ര മികച്ച അഭിനയ പ്രകടനമാണ് ഈ കലാകാരൻ നടത്തിയത്.ഒരു പക്ഷെ അന്ന് കലാഭവൻ മണി അഭിലാഷിന്റെആ പ്രകടനം കണ്ടിരുന്നെങ്കിൽ കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തേനെ അത്ര ഗംഭിരം. ആ പ്രകടനം കാണാനിടയായ സംവിധായകൻ വിനയൻ മുൻ ജില്ലാ പഞ്ചായത്ത് അംഗവും, മുവാറ്റുപുഴയിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകനും, ഹൃസ്വ ചിത്ര സംവിധായകനുമായ അരുൺ വഴി ബന്ധപ്പെട്ടു.
തന്റെ പുതിയ സിനിമയായ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഒരു ചെറിയ വേഷം നൽകി. പിന്നീട് തൃശൂർപൂരം എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. ഇതിനു പുറമെ ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ടിരിക്കുന്നു. കൊറോണ എന്ന ഈ മഹാമാരി സ്റ്റേജ് കലാകാരന്മാർക്ക് വലിയ തിരിച്ചടിയാണ് കൊടുത്തത്. ആ കൂട്ടത്തിൽ പെട്ട ഈ കലാകാരനും അതിജീവനത്തിന്റെ പാതയിലാണ്. മുവാറ്റുപുഴ, ആട്ടായം കോർമലപുത്തെൻപുരക്കൽ വാസുവിന്റെയും, കൗസല്യയുടെയും മകനാണ് വെള്ളിത്തിരയിൽ മിന്നി തിളങ്ങാൻ അവസരങ്ങൾക്കായി കാത്തിരിക്കുന്ന ഈ അനുഗ്രഹീത കാലാകാരൻ. ഭാര്യ :ലിനി, മക്കൾ അഭിരാജ്, അഭിരാഗ്, അഭിരാമി.