പെരുമ്പാവൂർ : മുക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ (പൂച്ച 43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് രാത്രിയാണ് പാലിശേരി സദേശികളായ സനൽ (32), തോമസ് (50) എന്നിവരെ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. കനാലിൽ മീൻ പിടിക്കാൻ പോയവരാണ് ഇവർ. എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്നിയെ പിടിക്കുന്നതിന് ബേബിയും , ജിജോയും കൂടി അനധികൃതമായി നിർമ്മിച്ച ഇലക്ട്രിക് സംവിധാനത്തിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാണെന്ന് കണ്ടെത്തിയത്.
കനാലിൽ മരക്കുറ്റി അടിച്ച് കമ്പി വലിച്ചു കെട്ടി അതിലേക്ക് ഇലക്ട്രിക് ലൈനിൽ നിന്ന് കണക്ഷൻ കൊടുത്താണ് കെണി ഒരുക്കിയിരുന്നത്. വൈകിട്ട് കണക്ഷൻ നൽകുകയും പുലർച്ചെ വിച്ഛേദിക്കുകയുമാണ് ഇവർ ചെയ്യുന്നത്. കണക്ഷൻ കൊടുത്ത വയറും കമ്പിയും മറ്റും പോലീസ് കണ്ടെടുത്തു. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ മാർട്ടിൻ ജോൺ , എ.എസ്. ഐമാരായ റജിമോൻ , പി.വി ജോർജ് , എസ്.സി.പി.ഒ സലിൻ കുമാർ ,സി.പി. ഒമാരായ ബെന്നി ഐസക്ക്, വിജീഷ്, മഹേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.