കോതമംഗലം : ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നെല്ലിക്കുഴി ഇരുമലപ്പടി പുതുപ്പാലത്ത് മലേക്കുടി വീട്ടിൽ സുഹൈൽ (ഭർത്താവ് ), ഭർത്താവിന്റെ പിതാവ് യൂസുഫ്, മാതാവ് റുഖിയ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. അതേസമയം കുടുംബം ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് സുഹൈലിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെയാണ് മോഫിയ നല്‍കിയ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും തന്നെ ഉപദ്രവിച്ചതായും മോഫിയ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയത്. തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതതെന്നാണ് നിഗമനം.
ഫേസ്ബുക്ക് സൗഹൃദമാണ് പ്രണയത്തിലും മോഫിയ പർവീണും മുഹമ്മദ് സുഹൈലുമായുള്ള നിക്കാഹിലും കലാശിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക സ്‌ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിലുണ്ട്.
ഒടുവിൽ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ചക്കിടെ സുധീര്‍ പെൺകുട്ടിയേയും പിതാവിനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയെതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയോടെ ഇരു വീട്ടുകാരും സ്റ്റേഷനിൽ നിന്ന് മടങ്ങി. എന്നാൽ വൈകിട്ട് ഏഴ് മണിയോടെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്. ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്.