കോതമംഗലം: എംബിറ്റ്സ് എൻജിനീറിങ് കോളേജ് ന്യൂ കോഡ് ഓഫ് എജ്യൂക്കേഷൻ (പുതിയ വിദ്യാഭ്യാസ മാർഗരേഖ 2021) അംഗീകാരത്തിന് അർഹരായി. മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നൂതന ഡിജിറ്റൽ സമ്പ്രദായങ്ങൾ നിർമ്മിക്കാനും അവ പ്രാപ്തമാക്കാനും ശ്രമിക്കുന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടായ പരിശ്രമത്തിന് നൽകപ്പെടുന്നതാണ് ഈ അംഗീകാരം.
വിദ്യാഭ്യാസത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുകയും പ്രാപ്തമാക്കുകയും നവീകരിക്കുകയും ചെയ്യുന്നത്തിലൂടെ പഠനമികവ്, പഠ്യേതര വിലയിരുത്തൽ, തൊഴിൽ, അധ്യാപക പ്രാപ്തത, ഭാവി സന്നദ്ധത എന്നിവയിൽ മികവുകാണിക്കുന്ന ഇന്ത്യയിലെ മികച്ച 25 സർവകലാശാലകൾ, ഐ ഐ ടി ഉൾപ്പടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ഇന്ത്യ സ്കിൽസ് റിപ്പോർട്ട്’, ‘ന്യൂ കോഡ് ഓഫ് വർക്ക്’ എന്നിവയുടെ പ്രസാധകരായ വിബോക്സ് നൽകുന്നതാണ് ഈ അംഗീകാരം.
പുതിയ വിദ്യാഭ്യാസ മാർഗരേഖ 2021 അവാർഡുകളിൽ പട്ടികപ്പെടുത്തിയിട്ടുള്ള കേരളത്തിൽ നിന്നുള്ള ഏക കോളജാണ് കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. മികച്ച പരിശ്രമവും, മികച്ച ടീം വർക്കും, വിദ്യാഭ്യാസം 4.0 നടപ്പാക്കൽ സമിതി (E 4 IC), പഠന മാനേജ്മെന്റ് സിസ്റ്റം (LMS), ദേശീയ / അന്തർദ്ദേശീയ വെബ്ബിനാറുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊജക്ടുകളുമായി സഹകരിച്ചുള്ള പ്രവർത്തനം, കോവിഡ് 19 സെൽ, മികച്ച അധ്യാപകർ, ഐടി സാങ്കേതിക പിന്തുണ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മാനേജ്മെന്റ് എന്നിവരുടെ സുസ്ത്യർഹമായ ടീം സംഭാവനകളാണ് എംബിറ്റ്സിനെ ഈ അംഗീകാരത്തിന് അർഹരാക്കിയത്.
എഐസിടിഇ ചെയർമാൻ പ്രഫ. അനിൽ ഡി. സഹസ്രബുധേ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ മുൻ അഡിഷണൽ സെക്രട്ടറിയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് സെക്രട്ടറി ജനറലുമായ ഡോ. പങ്കജ് മിത്തൽ, നീതി ആയോഗ് ഉപദേഷ്ടാവ് ഡോ. പ്രീം സിംഗ് എന്നിവരടങ്ങുന്ന ജൂറിയാണ് തിരഞ്ഞെടുത്തത്.