കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ് കെ മാണി. വന്യജീവി ആക്രമണം കേരളത്തില്‍ ഏറെ സങ്കീര്‍ണമായ വിഷയമാണ്. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രം തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
1972ല്‍ കോണ്‍ഗ്രസാണ് നിയമം കൊണ്ട് വന്നത്. സ്വന്തം പട്ടയഭൂമിയിലേയ്ക്ക് വന്യമൃഗം വന്നാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി വെടിവയ്ക്കാമെന്ന ഭേദഗതി വേണം. ഈ വിഷയത്തെക്കുറിച്ച് കേന്ദ്ര വനംമന്ത്രിയുമായി ചര്‍ച്ച ചെയ്തു. വന്യമൃഗത്തിനെ സ്വയരക്ഷയ്ക്ക് വേണ്ടി കൊന്നാല്‍ നമുക്ക് പരിരക്ഷ ലഭിക്കണം. രാജ്യത്ത് ആദ്യമായി വന്യമൃഗ സംരക്ഷണ ബില്ലില്‍ കേരള നിയമസഭ ഭേദഗതി കൊണ്ടു വന്നു. ഇത് പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ അതില്‍ ഒപ്പിടും. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പാണെങ്കില്‍ അതില്‍ ഒപ്പിടില്ല.
ജനങ്ങള്‍ മുന്നോട്ട് വച്ച പദ്ധതികളാണ് പത്തു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. മഹാപ്രളയത്തെയും കോവിഡിനെയും അതിജീവിച്ചാണ് പുതിയ കേരളം കെട്ടിപ്പെടുത്തത്. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് കൂടി ഭൗതിക സൗകര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്രയും പദ്ധതികള്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം നിയമസഭ മണ്ഡലത്തില്‍ മാത്രം അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനായി നല്‍കുന്നത് 640 കോടി രൂപയാണെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥാ മാനേജര്‍ പി.കെ ബിജു, ജാഥാംഗങ്ങളായ കെ.കെ ശൈലജ, പി.പി സുനീര്‍ എംപി, സുഭാഷ് പുഞ്ചക്കോട്ടില്‍, സാബു ജോര്‍ജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.ടി ബെന്നി അധ്യക്ഷനായി.
ആന്റണി ജോണ്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ.എ ജോയ്, മനോജ് ഗോപി, ഷാജി പീച്ചക്കര, ബേബി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലയിലുള്ള 20 പേരെ ചടങ്ങില്‍ ആദരിച്ചു.






















































