കോതമംഗലം: കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. ചെളിയില്‍ പൂണ്ടു കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹമുണ്ടായിരുന്നത്.
തോടിന്റെ മറുകരയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴക്കരയുടെ ഇരുവശത്തും ആന കൂട്ടം ഉഴുത് മറിച്ചിട്ട നിലയിലാണുള്ളത്. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. ഫെന്‍സിങ് സംവിധാനവും ഇവിടെ ഇല്ല. പലപ്പോഴും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി വലിയ രീതിയിലുള്ള നാശനഷ്ട്ടങ്ങള്‍ വിതയ്ക്കാറുള്ള ഒരു പ്രദേശമാണിത്. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വന്യമൃഗങ്ങളുടെ നിരന്ത ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.