കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു. നാശ നഷ്ടം സംഭവിച്ച പ്രദേശം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനും ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും എം എൽ എ ഡി.എഫ്.ഒ. യ്ക്ക് നിർദ്ദേശം നൽകി. ഈ പ്രദേശത്ത് കൂടുതൽ ഫലപ്രദമായ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനും കൂടുതൽ വാച്ചർമാരുടെ സേവനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
കാട്ടാനയുടെ ശല്യം മുന്നിൽകണ്ട് 6 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചെങ്കിലും രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തപ്പോൾ വർക്ക് ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തത് മൂലമാണ് ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്ന പണി ആരംഭിക്കാൻ കഴിയാതിരുന്നത്.എം എൽ എ യോടൊപ്പം റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി,സി പി ഐ എം നേതാക്കളായ പി കെ പൗലോസ്,റ്റി എ വിനോദ്,വനപാലകർ എന്നിവർ ഉണ്ടായിരുന്നു.