കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. ഇന്നലെ രാത്രി വീട്ടുകാർ പള്ളിയിൽ ധ്യാനത്തിനു പോയപ്പോഴാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്കും ഇന്ന് സ്ഥലത്ത് പരിശോധന നടത്തി. കുട്ടമ്പുഴക്ക് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന കളമ്പാട്ട് ജോസ് കുര്യൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകിട്ട് തൊട്ടടുത്ത പള്ളിയിൽ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി എട്ടേമുക്കാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ പൂട്ടിയിരുന്ന കതക് അകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാൽ തുറക്കാൻ കഴിയാതെ വന്നപ്പോൾ വീടിൻ്റെ പുറക് വശത്ത് ചെന്നു നോക്കിയപ്പോൾ കതക് തുറന്നു കിടക്കുന്നതാണ് കണ്ടത്.
മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം സ്വർണവും 80,000-ത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ പോലീസും, വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ പ്രധാന റോഡിലൂടെ ഓടി സമീപത്തെ ഏതാനും വീടുകളിലെ മുറ്റത്തും പറമ്പിലും എത്തി ഓട്ടം അവസാനിപ്പിക്കുകയായിരുന്നു. ഏഴ് പവൻ സ്വർണവും എൺപതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുടമ ജോസ് പറഞ്ഞു.
