പെരുമ്പാവൂർ : കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം അടിയന്തിരമായി ടാർ ചെയ്യുന്നതിന് 92.7 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. കുറുപ്പുംപടി കൂട്ടിക്കൽ റോഡ് ഉന്നത നിലവാരത്തിൽ ബിഎംബിസി ടാറിംഗ് ചെയ്തപ്പോഴും ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം ഒഴിവാക്കിയിരുന്നു. ഹിൽ ഹൈവേയുടെ ഭാഗമായി ടാറിംഗ് നടത്താത്ത ഈ ഭാഗത്തെ പ്രവൃത്തിക്കാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
ടാറിംഗും കോൺക്രീറ്റ് ടൈൽ വിരിക്കുന്നതുമാണ് ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തികരിച്ചു കാര്യക്ഷമമായി പരിപാലിക്കുന്നതിന് റണ്ണിങ് കോൺടാക്ട് വ്യവസ്ഥയിലാണ് വർക്ക് ടെൻഡർ ചെയ്തിരിക്കുന്നത്. നിശ്ചിത റോഡുകളുടെ പരിപാലനം നിശ്ചിത കരാറുകാരെ ഏൽപ്പിക്കുന്ന സംവിധാനമാണ് റണ്ണിങ് കോൺടാക്ട് എന്നറിയപ്പെടുന്നത്. റോഡ് പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ റോഡിൻ്റെ പരിപാലനം ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമായിരിക്കും. കൂടുതൽ ഗുണനിലവാരമുള്ള റോഡുകൾ നിർമ്മിക്കുന്നതിന് ഈ വ്യവസ്ഥ ഫലപ്രദമാണെന്ന് എംഎൽഎ പറഞ്ഞു. കരാർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചു റോഡ് നിർമ്മാണം ആരംഭിക്കുവാൻ എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.