കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനായുള്ള “വൈറ്റ് ബോർഡ് പദ്ധതി”യ്ക്ക് തുടക്കം കുറിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന 1096 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും.കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന തരത്തിൽ പ്രത്യേകമായാണ് വീഡിയോ ക്രമീകരിക്കുന്നത്.ക്ലാസ്സുകൾ ഓഡിയോയായും തയ്യാറാക്കും.
കുട്ടികൾക്ക് വർക്ക്ഷീറ്റുകളും നൽകും. അധ്യാപകരുടെ ടെലഗ്രാം ചാനൽ ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. ബി ആർ സി യിലെ അധ്യാപകരാണ് ഓരോ ക്ലാസ്സുകളിലെയും പാഠഭാഗങ്ങൾ തയ്യാറാക്കിയത്. പ്രാദേശിക വാട്സാപ്പ് കൂട്ടായ്മ വഴി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കും. അധ്യാപകർ വീടുകളിലെത്തി വർക്ക് ഷീറ്റ് പ്രവർത്തനങ്ങൾ അടക്കമുള്ള പരിശീലനം കുട്ടികൾക്ക് നൽകും.ഓൺലൈൻ ക്ലാസും,വീടുകളിലെത്തിയുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി മൊഡ്യൂളുകളായി തുടരുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.