കോതമംഗലം: വടാട്ടുപാറക്കു സമീപം ഇടമലയാർ നും പലവൻപടിക്കു മിടയിലാണ് മൂന്ന് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയത് എന്നാണ് നിഗമനം. വനപാലകർ താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളിൽ ആക്കി പഴവും വെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ പരിപാലിക്കുകയായിരുന്നു. താൽക്കാലിക വേലിക്കുള്ളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടിക്കൊമ്പനെ ആനക്കൂട്ടം രാത്രിയിൽ വന്ന് കൂട്ടികൊണ്ടുപോകും എന്ന നിഗമനത്തിലായിരുന്നു വനപാലകർ.
കാട്ടാനക്കുട്ടിക്ക് ഏകദേശം മൂന്ന് മാസം മാത്രമാണ് പ്രായമെന്നും, നിലവിൽ ആനക്കയം ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയാണെന്നും, കടുത്ത ചൂടിലും മറ്റും കാട്ടാനക്കുട്ടി ക്ഷീണിതനാണെന്നും അതുകൊണ്ട് ഏതെങ്കിലും സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടി ആനയെ അടിയന്തിരമായി മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും ആന്റണി ജോൺ എംഎൽഎ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
തുടർന്ന് ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ വെള്ളിയാഴ്ച സന്ധ്യയോടെ ആനയെ മുത്തങ്ങ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകകയായിരുന്നു. ആഹാര രീതിയിൽ വന്ന മാറ്റം മൂലം അവശനിലയിലായിരുന്ന കുട്ടിയാനയെ പരിചരിച്ചിരുന്നത് വനംവകുപ്പ് വാച്ചറും വടാട്ടുപാറ സ്വദേശിയുമായ സജി തങ്കപ്പനാണ്. ചുരുങ്ങിയ ദിവസം കൊണ്ട് കുട്ടിക്കുറുമ്പൻ ഏവരുടെയും മനംകവർന്നിരുന്നു. ഇന്നലെ രാത്രിയിൽ വാഹനത്തിൽ മുത്തങ്ങയിലേക്ക് യാത്ര തിരിച്ച കുട്ടിക്കുറുമ്പൻ തുമ്പിക്കൈ വീശി തന്നെ പരിചരിച്ചവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. കുറുമ്പും കുസൃതിയുമായി കഴിഞ്ഞ നമ്മുടെ കുട്ടിക്കുറുമ്പൻ അങ്ങനെ വയനാടിന്റെ മകനായി.
You must be logged in to post a comment Login