തൃക്കാരിയൂര്‍: തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മീനം ഒന്ന് മുതല്‍(15 മുതല്‍ 24 വരെ)പത്ത് ദിവസത്തെ തിരുവുത്സവത്തിന് മുന്നോടിയായുള്ള ഭാഗവത സപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര സന്നിധിയിലെ യജ്ഞവേദിയില്‍ മേല്‍ശാന്തി മാങ്കുളം ഇല്ലം മാധവന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സജീവ് സൗപര്‍ണിക അധ്യക്ഷനായി. ആചാര്യവരണത്തിന് ശേഷം യജ്ഞാചാര്യന്‍ മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബിജു കളരിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മിനി സലിം നന്ദിയും പറഞ്ഞു. സഹ ആചാര്യന്മാരായ ഹരിപ്രിയ അന്തര്‍ജ്ജനം,പുളിക്കാപ്പറമ്പ് ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു. യജ്ഞവേദിയില്‍ ദിവസേന രാവിലെ 6 മുതല്‍ പാരായണം,9ന് അനുഗ്രഹപ്രഭാഷണം,ഉച്ചക്ക് 1ന് പ്രസാദ ഊട്ട്, വൈകിട്ട്് 4.30ന് പ്രഭാഷണം എന്നിവ ഉണ്ടാകും.13ന് രാവിലെ യജ്ഞസമര്‍പ്പണത്തോടെ സമാപിക്കും.
