കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കോതമംഗലം താലൂക്കിൽ ആദ്യമായി കർഷകന്റെ കൃഷി ഭൂമിയ്ക്ക് പട്ടയം നല്കി. താലൂക്കിലെ 9 വില്ലേജുകളിലായി 104 പേർക്ക് കോതമംഗലം താലൂക്ക് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കോതമംഗലം താലൂക്കിൽ കാർഷിക ആവശ്യത്തിന് ഭൂമി പതിച്ച് നല്കണമെന്നുള്ളത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. എന്നാൽ ഇവർക്ക് പട്ടയം നല്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നിലനിന്നിരുന്നാൽ വിവിധ വില്ലേജുകളിൽ നിന്നുള്ള ഇത്തരം അപേക്ഷകർക്ക് പട്ടയം നല്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നിരവധി ഇടപെടലുകൾ നടത്തുകയും, നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് 19.6.20-ൽ 163/2020/റവ. നമ്പരായി കാർഷികാവശ്യത്തിന് ഭൂമി പതിച്ചു നൽകുന്നതിനുള്ള തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും, ഹിൽ ട്രാക്ട് പ്രദേശങ്ങളിൽ 4 ഏക്കർ വരെയും പതിച്ച് നൽകാനുണ്ടായ സാഹചര്യമുണ്ടായത്.പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ കർഷകൻ്റെ കൃഷി ഭൂമിക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചത്. ഇനിയും നൂറു കണക്കിനാളുകൾക്ക് കാർഷികാവശ്യത്തിന് ഭൂമി പതിച്ചു നൽകുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.
ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ ഗോപി,അനു വിജയനാഥ്,വി എ എഫ് പി സി എൽ ചെയർമാൻ ഇ കെ ശിവൻ,പി എൻ ബാലകൃഷ്ണൻ,
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ രാമചന്ദ്രൻ,മനോജ് ഗോപി,ഷാജി പീച്ചക്കര,എൻ സി ചെറിയാൻ,റ്റി പി തമ്പാൻ,ബേബി പൗലോസ്,എൽ ആർ തഹസിൽദാർ കെ എം നാസർ തുടങ്ങിയവർ പങ്കെടുത്തു.