കോതമംഗലം: കോതമംഗലം നഗരസഭ വക ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ പുതിയ കോവിഡ് 19 വാർഡ് പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സൗകര്യങ്ങളോടു കൂടിയ 25 ബെഡ്ഡുകളുള്ള വാർഡാണ് സജ്ജീകരിച്ചിട്ടുള്ളത്. ആൻ്റണി ജോൺ എം എൽ എ,നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി എന്നിവർ വാർഡ് സജ്ജീകരണത്തിന് നേതൃത്വം നൽകി. കൂടാതെ സർക്കാർ നിർദ്ദേശ പ്രകാരം ധർമ്മഗിരി ആശുപത്രിയിൽ 80 ബെഡ്ഡും ബസേലിയോസ് ആശുപത്രിയിൽ 60 ബെഡ്ഡും കോവിഡ് രോഗികൾക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട്. സി എഫ് എൽ റ്റി സിയുടെ പ്രവർത്തനം ഒരു വർഷത്തിലധികമായി മികച്ച രീതിയിൽ നടന്നു വരുന്നുണ്ട്.
കോതമംഗലം മാർ തോമ ചെറിയ പളളിയുടെ പാരീഷ് ഹാളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സി എഫ് എൽ റ്റി സിയിൽ 75 രോഗികളെ വരെ ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. താലൂക്കിലെ മറ്റ് സി എഫ് എൽ റ്റി സികൾ പ്രവർത്തനം നിർത്തിയപ്പോഴും നഗരസഭയുടെ സി എഫ് എൽ റ്റി സി പ്രവർത്തനം തുടർന്നു വരുന്നതാണ്. നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ജനങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ നിർദ്ദേശിച്ചു. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൊമിസിലറി കെയർ സെൻ്റർ സംവിധാനം കൂടി സജ്ജമാക്കുന്നതിന് വേണ്ട നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട്.