കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും പുൽക്കൂടുകളും വീടുകൾക്ക് മുന്നിൽ വർണ്ണഭാവമായി ഒരുക്കുമ്പോൾ കോതമംഗലം കുത്തുകുഴി, പറായിതോട്ടം സ്വദേശിയായ ഇടക്കാട്ട് സിജോ ജോർജ് വ്യത്യസ്ത രീതിയിൽ ക്രിസ്തുമസിനെ വരവേൽക്കുന്ന കലാകാരൻ കൂടിയാണ്. ഇപ്രാവശ്യം ബഹിരാകാശത്തിൽ നിന്നും റോക്കറ്റ് ലോഞ്ചറിൽ സമ്മാനങ്ങളുമായി വീടിന് മുൻപിൽ വന്നിറങ്ങിയ സാന്റാക്ലോസിനെയാണ് സിജോ സൃഷ്ടിച്ചിരിക്കുന്നത്.
സമ്മാനങ്ങളുമായി ഹെലിഹോപ്റ്ററിൽ വന്നിറങ്ങുന്ന സാന്റാ, കുതിരപ്പുറത്ത് വരുന്ന സാന്റാ തുടങ്ങി ഓരോ വർഷവത്തെയും ക്രിസ്തുമസ് വ്യത്യസ്ത രീതികളിൽ ആണ് സിജോ വര്ഗീസ് അവതരിപ്പിക്കുന്നത്. ഈ വർഷം ഇന്ത്യ ബഹിരാകാശ മേഖലയിൽ നടത്തിയ മുന്നേറ്റത്തിനൊപ്പം., 5ജി സേവനം , പ്രൈവറ്റ് സാറ്റലൈറ്റ് വിക്ഷേപണങ്ങൾ തുടങ്ങിയവയും ബഹിരാകാശ സാന്റയുടെ പിറവിക്ക് പിന്നിലുണ്ടെന്ന് സിജോ വ്യക്തമാക്കുന്നു. ആക്രിക്കടകളിൽ നിന്നും മറ്റും സമാഹരിച്ച പാഴ് വസ്തുക്കൾ കൊണ്ടാണ് റോക്കറ്റും സ്റായേയും നിർമ്മിച്ചിരിക്കുന്നത്. പഴയ ഹെൽമറ്റും, വലിയ പാവയും വൃത്തിയാക്കി പെയിന്റ് ചെയ്താണ് മനോഹരമായ സാന്റയെ നിർമ്മിച്ചിരിക്കുന്നത്. വെളള ഷീറ്റുകളും, പഴയ സൈക്കിൾ ടയർ , പേപ്പർ തുടങ്ങിയ ഉപയോഗിച്ചാണ് റോക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
എല്ലാവർഷവും സിജോ ഒരുക്കുന്ന ക്രിസ്തുമസ് കാഴ്ചകൾ കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്. നീണ്ട ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിലാണ് ശാസ്ത്രബോധം ഉണർത്തുന്ന ഇപ്രാവശ്യത്തെ ബഹിരാകാശ സാന്റയെ ഒരുക്കുവാൻ സാധിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും അഭിനന്ദവും പ്രേരണയും കൊണ്ടാണ് ഓരോ വർഷവും വ്യത്യസ്ഥ ആശയങ്ങളുള്ള സാന്റയെ സൃഷ്ടിക്കുവാൻ സാധിക്കുന്നത് എന്ന് സിജോ വ്യക്തമാക്കുന്നു.