കോതമംഗലം : കോതമംഗലം വെടിവയ്പ്പു കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു. കോതമംഗലം പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വി.കെ ബെന്നി, സിവിൽ പോലിസ് ഓഫീസർ എം.കെ ഷിയാസ്, ഊന്നുകൽ സ്റ്റേഷനിലെ ഹോം ഗാർഡ് സാജു എന്നിവർക്കാണ് ഗുഡ്സർവ്വീസ് എൻട്രി നൽകുന്നത്.
കോതമംഗലത്തെ ഡെൻറൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. രാഖിലിന് തോക്ക് നൽകിയ ബീഹാർ മുൻഗർ പർസന്തോ സ്വദേശി സോനു കുമാർ (21), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ (22) എന്നിവരെയാണ് അവരുടെ ഗ്രാമത്തിൽ ചെന്ന് പോലിസ് അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി ഹർഷിതാ അട്ടല്ലൂരി, ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത എസ്.പി കെ.കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയ്യാറാക്കിയത്.
രണ്ടാം തീയതി കേരളത്തിൽ നിന്നും പോലീസ് സംഘം പുറപ്പെട്ടു. നാലാം തീയതി ബിഹാറിൽ എത്തിച്ചേർന്നു. ബീഹാർ പോലീസുമായി ചേർന്ന് പട്ടണത്തിൽ നിന്നും 100 കിലോമീറ്റർ ദൂരെയുള്ള ച്ഛാർഖണ്ഡ് അതിർത്തിയിലെ ടെട്ടിയാവാമ്പർ ഗ്രാമത്തിൽ നിന്നുമാണ് സോനുവിനെ പിടികൂടിയത്. ഇയാൾക്കവിടെ ഒൺലൈൻ മണി ട്രാൻസാക്ഷൻറെ ഏർപ്പാടായിരുന്നു. വീടിനോട് ചേർന്ന് സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു.
കടയിൽ സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ ചെന്നാണ് സോനുവിനെ പിടി കൂടിയത്. വണ്ടിയിൽ കൊണ്ടുവരുന്ന വഴിയിൽ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുവാനും ശ്രമിച്ചു. സാഹസികമായി ചെറുത്ത് നിന്നാണ് പ്രതിയെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്.
പാറ്റ്നയിൽ കഴിയുകയായിരുന്ന ഇടനിലക്കാരൻ മനേഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസരിക്കാനെന്ന രീതിയിലാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ബീഹാർ പോലീസിനറെ ക്രിയാത്മക സഹകരണം ഉണ്ടായിരുന്നതായി എസ്.പി കാർത്തിക് പറഞ്ഞു.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻