കോതമംഗലം : എ.എം. റോഡില്‍ കോതമംഗലം- പെരുംബാവൂര്‍ റോഡ് തകര്‍ന്ന് കുണ്ടും കഴിയുമാവുകയും നെല്ലിക്കുഴി കവലയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് മരണക്കുഴിയാവുകയും ചെയ്ത സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണത്തിന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തിരുവോണദിനത്തില്‍ പി.ഡി.പി.പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
നെല്ലിക്കുഴി കവലയിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചെലവഴിച്ച് ഓട നിര്‍മ്മാണം നടത്തിയെങ്കിലും അശാസ്ത്രീയ നിര്‍മ്മാണം നിമിത്തം കവലയിലെ റോഡുകള്‍ തകരുകയും അറ്റകുറ്റപ്പണികള്‍ നടത്താതെ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തു. എ.എം.റോഡിന്റെ കോതമംഗലം -പെരുംബാവൂര്‍ ഭാഗങ്ങള്‍ റീടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇടക്കിടെയുള്ള കുഴിയടക്കല്‍ വെറും പ്രഹസനം മാത്രമായി തുടരുന്നത് റോഡിന്റെ തകര്‍ച്ച കൂടുതല്‍ ദുഷ്കരമാക്കി. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന നെല്ലിക്കുഴി കവലയില്‍ അപകടക്കെണിയൊരുക്കിയാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും അധികാരികളും തുടരുന്ന നിസ്സംഗത അവസാനിപ്പിച്ച് റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പി.ഡി.പി. നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എം.അലി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം , സെക്രട്ടറി അഷറഫ് ബാവ , റ്റി.എം.സിറാജ് ,സുബൈര്‍ പൂതയില്‍ , കെ.എം.ഉമ്മര്‍ ,കെ.എം.സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.