ഏബിൾ. സി അലക്സ്
കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ”
ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു. മുപ്പത്തി എഴുകാരനായ കാസറഗോഡ് ഉപ്പള സ്വദേശി അബ്ദുൽ റഹ്മാൻ ദുബൈയിൽ കഫട്ടീരിയ ജോലിക്കാരനായിരുന്നു. 2018 ൽ ലീവിന് നാട്ടിൽ എത്തിയപ്പോൾ അബ്ദുൽ റഹ്മാൻ ഓടിച്ചിരുന്ന ബൈക്കും കാറുമായി കൂട്ടിയിടിച്ചതോടെ ജീവിതം പാടെ മാറി.
കാസറഗോഡും മംഗലാപുരത്തുമായി ആശുപത്രികളിൽ രണ്ടര മാസത്തോളം ചികിത്സ.
നട്ടെല്ലിന് ശസ്ത്രക്രിയ അടക്കം സങ്കീർണമായ ചികിത്സകൾ.
അപകടത്തിൽ അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ടിരിക്കുന്നു എന്ന യാഥാർഥ്യം ഇടക്കൊരു ദിവസം ഡോക്ടർ അബ്ദുൽ റഹ്മാനെ ധരിപ്പിച്ചു. ഒപ്പം വീൽ ചെയർ ഉപയോഗിച്ച് ശീലിക്കാനും.
ഫിസിയോ തെറാപ്പി പോലുള്ള ചികിത്സകൾ തുടർച്ചയായി ദീർഘകാലം ലഭിച്ചാൽ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞേക്കും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ആ നിർധന പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും രണ്ടു മാസത്തെ ആശുപത്രി വാസത്തോടെ തീർന്നിരുന്നു. ആയിടക്കാണ് കോതമംഗലം പീസ് വാലിയിൽ നട്ടെല്ലിന് പരുക്കേറ്റ ആളുകൾക്ക് വേണ്ടിയുള്ള ചികിത്സ കൂട്ടുകാരിലൊരാൾ അബ്ദുൽ റഹ്മാന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. പീസ് വാലിയുമായി ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ റിപ്പോർട്ടുകളുമായി അപേക്ഷ നൽകാൻ പറഞ്ഞതനുസരിച്ചു അപേക്ഷ കൊടുക്കുകയും ചെയ്തു.
നിർധന രോഗികൾക്കു തീർത്തും സൗജന്യമായാണ് പീസ് വാലിയിൽ ചികിത്സ.
രണ്ടു മാസത്തിനകം പീസ് വാലിയിൽ അഡ്മിഷൻ ലഭിക്കുകയും വിദഗ്ദരായ ഫിസിയാട്രിസ്റ്റുകളുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ആരംഭിക്കുകയും ചെയ്തു.
ദിവസവും 5 മണിക്കൂർ നേരമാണ് ചികിത്സ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നല്ല മാറ്റം അനുഭവപ്പെട്ടതായി അബ്ദുൽ റഹ്മാൻ പറയുന്നു. പതിയെ പതിയെ അബ്ദുൽ റഹ്മാൻ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചികിത്സ രണ്ടു മാസം പിന്നിട്ടപ്പോൾ തന്നെ കാലിപ്പർ ഇട്ടു നടക്കാൻ ആരംഭിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ അബ്ദുൽ റഹ്മാൻ പര്യാപ്തനായിരുന്നു. മുന്നോട്ടുള്ള ജീവിതം അപ്പോഴും ചോദ്യചിഹ്നനമായി നിൽക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ആണ് അബ്ദുൽ റഹ്മാന്റെ കുടുംബം.
പീസ് വാലി അധികൃതരാണ് ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ എന്ന ആശയം അബ്ദുൽ റഹ്മാനോട് പങ്കുവെക്കുന്നത്. അബ്ദുൽ റഹ്മാന്റെ നാട്ടുകാരും ഇതിനോട് ചേർന്നപ്പോൾ സ്വയം തൊഴിൽ എന്ന സ്വപ്നം യഥാർഥ്യമാവുകയായിരുന്നു. ഒന്നര ലക്ഷം രൂപക്ക് ആപേ ഓട്ടോറിക്ഷ വാങ്ങുകയും പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക് ആക്കി മാറ്റം വരുത്തുകയും ചെയ്തു. പീസ് വാലിയിൽ എത്തിച്ച വാഹനത്തിൽ ഒരാഴ്ചകാലം അബ്ദുൽ റഹ്മാൻ പരിശീലനം നടത്തി. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ പോകുമായിരുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്ക് കാരണമായ എല്ലാവരോടും ജീവിതം കൊണ്ട് നന്ദി പറയുന്നുവെന്ന് അബ്ദുൽ റഹ്മാൻ.
വീൽ ചെയർ ഉരുളേണ്ടിയിരുന്ന ഉപ്പള ഷിറിയയിലെ വീടിന്റെ നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടെയും പ്രതീകമായി KL 43 E 772 നമ്പർj ഓട്ടോറിക്ഷ ഉണ്ടാവും. പീസ് വാലിയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ എം യൂസുഫ് ഓട്ടോറിക്ഷ കൈമാറി.
പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ, കെ എച് ഹമീദ്, എൻ കെ മുസ്തഫ, എം എം ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.