കോതമംഗലം : കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുന്ന പാണിയേലി – മൂവാറ്റുപുഴ റോഡില്‍ കാട്ടാംകുഴി മുതല്‍ കക്ഷായിപ്പടി വരെയുളള ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ തെങ്ങിന്‍തൈ നട്ട് പ്രതിഷേധിച്ചു. റോഡ് തകര്‍ന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുനരുദ്ധാരണത്തിന് നടപടിയുണ്ടാകാത്തതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ കോതമംഗലം ഡിവിഷന് കീഴില്‍ കേവലം ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ റോഡ് നിലവിലുള്ളത്.
പെരുംബാവൂര്‍, മൂവാറ്റുപുഴ ഡിവിഷനുകള്‍ക്ക് കീഴിലുള്ള പ്രസ്തുത റോഡിന്റെ ബാക്കി ഭാഗങ്ങള്‍ റീ ടാറിംഗ് നടത്തിയെങ്കിലും കാട്ടാംകുഴി-കക്ഷായിപ്പടി ഭാഗങ്ങള്‍ റീടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ഓടക്കാലി വഴി ആലുവയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസും , മൂവാറ്റുപുഴയില്‍ നിന്ന് പായിപ്ര -ചെറുവട്ടൂര്‍ -മേതല-കുറുപ്പംപടി വഴി പെരുംബാവൂരിലേക്കും , പെരുംബാവൂരില്‍ നിന്ന് മേതല വഴി കോതമംഗലത്തേക്കും പത്തോളം സ്വകാര്യ ബസ് സര്‍വീസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് കിടക്കുന്നത് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തുടര്‍ന്നും പി.ഡബ്ള്യു.ഡി. കോതമംഗലം ഡിവിഷന്‍ ഓഫീസ് ഉപരോധം ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം ട്രഷറര്‍ റ്റി.എം.അലി പറഞ്ഞു.വാര്‍ഡ് പ്രസിഡന്റ് ഷിയാസ് പുതിയേടത്ത്, സെക്രട്ടറി കെ.എന്‍.സലാഹുദ്ദീന്‍, ജമാല്‍ പടുത്താലുങ്കല്‍ , കെ.എം.സൈഫുദ്ദീന്‍ , വി.എം.നൗഷാദ് , ഷറഫുദ്ദീന്‍ മലയില്‍, എം.എ.ഷിഹാബുദ്ദീന്‍ , എന്‍.എം.ഫാറൂഖ് ,ഇബ്രാഹീം വട്ടപ്പാറ, കെ.പി.അലിയാര്‍, മൈതീന്‍ നായാട്ടുപാറ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.