പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ളലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ചെയ്തശേഷം മ്യൂണികിലെ സ്വകാര്യ മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സിഎസ്ടി സഭാധികൃതര്‍ അറിയിച്ചു.
കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിന്‍സിന്‍റെ ഭാഗമായ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്. പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍ : സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു.