കോതമംഗലം : കോതമംഗലം പൈങ്ങൂട്ടുരിൽ ഒരു സൂപ്പർ സ്റ്റാർ ഉണ്ട്. കക്ഷി നായയാണ് കേട്ടോ. മലയാളക്കരയുടെ പ്രിയ ലേഡി സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിച്ചതിന്റെ ചെറിയ തലക്കനമൊക്കെയുണ്ട് സിംബക്ക് . ഉയരക്കൂടുതല്‍ കൊണ്ടാണ് സിംബ ജനശ്രദ്ധ ആകർഷിക്കുന്നത് തന്നെ . ജര്‍മന്‍ വംശജരായ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍പെട്ട ഈ നായയെ വളര്‍ത്തി, ശ്രദ്ധേയനായിരിക്കുകയാണ് പൈങ്ങോട്ടൂര്‍ രണ്ടുകല്ലിങ്കല്‍ വീട്ടില്‍ ആര്‍ പി ജിതിന്‍ എന്ന ഇരുപത്തിയൊമ്പതുകാരൻ . ഒരു വര്‍ഷം മുന്പാണ് സിംബ എന്ന പേരുള്ള ഈ നായയെ ഹൈദരാബാദില്‍ നിന്ന് ജിതിന്‍ സ്വന്തമാക്കിയത്. മൂന്നര വയസും 93 സെന്റി മീറ്റര്‍ ഷോള്‍ഡര്‍ ലെവല്‍ ഉയരവും വരുന്ന ജിതിന്റെ സിംബ 2019 ല്‍ പൂനെയില്‍ നടന്ന രണ്ട് ഓള്‍ ഇന്ത്യ ഡോഗ് ഷോകളിലും ഒന്നാമനായതോടെ ഇന്ത്യന്‍ ചാംപ്യന്‍ പട്ടവും കരസ്ഥമാക്കി. ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും ഡോഗ് ഷോയിലും ജിതിന്റെ സിംബ നിറ സാന്നിധ്യമാണ്. നായ ജനുസുകളിലെ ഏറ്റവും ഉയരമുള്ളതാണ് ഗ്രേറ്റ് ഡേന്‍ ഇനം. ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള നായയും ഒരു ഗ്രേറ്റ് ഡേന്‍ തന്നെ.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് സമീപമുള്ള വീട്ടിൽ ഗ്രേറ്റ് ഡേന്‍ ഇനത്തില്‍ പെട്ട നായയെ കണ്ടതോടെയാണ് ഇതിനോടുള്ള ജിതിന്റെ ഇഷ്ടം തുടങ്ങുന്നത്. പിന്നീട് ആ വീട്ടില്‍ നിന്നുതന്നെ ഒരു കുഞ്ഞിനെ സ്വന്തമാക്കി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ക്രമേണ നായ്ക്കളുടെ എണ്ണം കൂട്ടി. ഇന്ന് 5 ഗ്രേറ്റ് ഡെയ്ന്‍ നായ്ക്കള്‍ ഉള്‍പ്പെടെ 12 നായ്ക്കള്‍ ജിതിന് സ്വന്തമായുണ്ട്. വലിയ ഇനം ആയതുകൊണ്ടുതന്നെ പരിചരണവും ശ്രദ്ധയും അല്‍പം കൂടുതല്‍ വേണമെന്ന് ജിതിന്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് 3 നേരവും മുതിര്‍ന്നവര്‍ക്ക് 2 നേരവുമാണ് ഭക്ഷണം. ഇറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ജിതിന്‍. ഡി വൈ എഫ് ഐ കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ മേഖല പ്രസിഡന്റുമായ ജിതിന് തിരക്കോട് തിരക്കാണ്.
കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ഈ യുവാവ് ഈ തിരക്കലിനിടയിലും തന്റെ നായകളെ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്നു. നായകളില്‍ വലിപ്പം കൊണ്ടും നല്ല സ്വഭാവം കൊണ്ടും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ജനുസാണ് ഗ്രേറ്റ് ഡേന്‍. നല്ല രൂപ ഭാവമുള്ള ഈ ജനുസ് നായ്ക്കളിലെ “അപ്പോളോ ദേവന്‍” എന്നാണ് അറിയപ്പെടുന്നത്. സമൂഹ മാധ്യമത്തിൽ തന്റെ നായയുടെ ചിത്രം പങ്കു വച്ചതോടെ ഒരു പാട് ഫോൺ വിളികളാണ് വരുന്നതെന്ന് ജിതിൻ പറയുന്നു. നിരവധി സിനിമ അവസരങ്ങളാണ് സിംബയെ തേടിഎത്തുന്നത്. ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമ സ്ഥാപനം ഇറക്കുന്ന സെലിബ്രിറ്റി കലണ്ടറിനു വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ടില്‍ നടി മഞ്ജു വാരിയര്‍ക്കൊപ്പം സിംബയും സ്ഥാനം പിടിക്കുകയും, ആ ചിത്രം മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ പങ്കിടുകയും ചെയ്തതോടെ സിംബയും, ഉടമയായ ജിതിനും താരങ്ങളായി മാറിയിരിക്കുകയാണ്.
