കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത് തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ.
തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ നടക്കാൻ കഴിയാതെ തളർന്ന് കിടന്ന് വിറക്കുന്നു.
നായ്ക്കളുടെ വിറയൽ മാറുന്നില്ലാത്തത് കൊണ്ടും കഴുത്ത് വെട്ടി വെട്ടി വിറയൽ വന്നത്കൊണ്ടും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയുന്നില്ല.. അതായത് ഈ രോഗം ബാധിച്ച നായകൾക്ക് ശരീരം മുഴുവൻ വിറച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് നടക്കാനോ, ഇരിക്കാനോ കിടക്കാനോ സാധിക്കില്ല. ഈ രോഗം സമീപത്തുള്ള മറ്റു തെരുവ് നായ്ക്കൾക്കും പകർന്നിട്ടുണ്ട്. കൂടാതെ വളർത്ത് മൃഗങ്ങൾക്ക് പകരാനും സാധ്യതയേറെയാണെന്ന ഭയവുമുള്ളതുകൊണ്ട് സമീപ വാസികൾ ഇത് കണ്ട് ആശങ്കയിലാണ്. മുല്ലേക്കാവ് ഭാഗത്തെ അങ്കൻവാടിക്ക് സമീപമാണ് വയറസ് ബാധയേറ്റ നായ്ക്കളെ കൂടുതൽ കണ്ടു വരുന്നത്. ഈ വിവരം മൃഗ സംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടും യാതൊരു ഇടപെടലുകളും നടത്തുന്നില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി ആരോഗ്യ വകുപ്പും പ്രശ്നത്തിൽ ഇടപെടേണ്ടതാണ്. എല്ലാ വകുപ്പുകളിൽ നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നത്.
അസുഖം ബാധിച്ച് കിടക്കുന്ന നായ്ക്കളെ സഹിതം പ്രദേശത്ത് നിന്നും മാറ്റി കൊണ്ടുപോവുകയും, നായ്ക്കളിലെ വയറസ് ബാധ തടയുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട നടപടികൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളിൽ ചെയ്യണമെന്ന് തൃക്കാരിയൂർ ഗ്രാമ വികസന സമിതി പ്രസിഡന്റ് കെ ജി സുഭഗൻ സെക്രട്ടറി പി ആർ സിജു, ജോ: സെക്രട്ടറി സുമേഷ് നാരായണൻകുട്ടി എന്നിവർ ആവശ്യപ്പെട്ടു.