നെല്ലിക്കുഴി ; നെല്ലിക്കുഴി പഞ്ചായത്തിലെ മേതല ഒന്നാം വാര്‍ഡില്‍ സ്വകാര്യ ട്രസ്റ്റിന് കീഴിലുളള ഏകര്‍കണക്കിന് ഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ അനുമതി റദ്ദ് ചെയ്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണോ എന്ന് പരിശോധിക്കണമെന്ന ഉപ സമിതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അടിയന്തിര പഞ്ചായത്ത് കമ്മിറ്റി കൂടി നിര്‍മ്മാണ അനുമതി റദ്ദ് ചെയ്യാന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം തീരുമാനം എടുത്തത്. ക്രമ വിരുദ്ധമായാണ് ഇവിടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങളായി കേസില്‍ കിടക്കുന്ന ഈ ഭൂമിയോട് അനുബന്ധിച്ചുളള റവന്യു പുറംബോക്ക് വിട്ട് കിട്ടേണ്ടതായുണ്ട് ഇവ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ സമീപിക്കാനും ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരാവുന്ന രീതിയിലുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആണ് സ്വകാര്യ ട്രസ്റ്റിന്‍റെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ നടന്ന് വരുന്നതെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍ .ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പെടെയുളള ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആണ് ഉപസമിതിയില്‍ ഉളളത്.



























































