കോതമംഗലം : നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ബീഹാർ, പാറ്റ്ന, മോഗീർ, വാരണാസി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി വിവരങ്ങൾ ശേഖരിച്ചു. രഖിലിൻറെ ഉറ്റ സുഹൃത്തും, തോക്ക് വാങ്ങിക്കുന്നതിന് കൂടെപ്പോയ കണ്ണൂർ സ്വദേശി ആദിത്യനുമൊത്താണ് സംഘം തെളിവെടുത്തത്. ഇൻറീരിയർ ഡെക്കറേഷന് സാധനങ്ങൾ വാങ്ങുന്നതിനെന്നു പറഞ്ഞാണ് കൂടെ കൂടിയതെന്നാണെന്നും, ബീഹാറിൽ ചെന്നപ്പോഴാണ് തോക്കു വാങ്ങാനാണെന്ന് അറിഞ്ഞതെന്നുമാണ് ആദിത്യൻ പറയുന്നത്.
രഖിലാണ് ഇടനിലക്കാരാനും, ടാക്സി ഡ്രൈവറുമായ മനീഷിനെ പരിചയപ്പെടുന്നത്. തുടർന്ന് മൂന്നുപേരും കൂടി മുഗീർ രാജ് പാലസ് ഹോട്ടലിൽ തോക്കു വാങ്ങുന്നതിന് 3 ദിവസം താമസിച്ചു. ഓരോ ദിവസവും മുറി വെക്കേറ്റ് ചെയ്ത് പുതിയ മുറിയെടുക്കുകയായിരുന്നു ഇവർ. ഇവിടത്തെ ജീവനക്കാർ ആദിത്യനെ തിരിച്ചറിഞ്ഞു. തോക്ക് കൈമാറിയ സോനുവിൻറെ വീട്ടിലും സംഘം പരിശോധന നടത്തി. വീടിൻറെ പുറകിൽ കൊടും വനമാണ്. ഈ വനത്തിനുള്ളിലാണ് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയത്. തോക്ക് കൈമാറിയ സ്ഥലവും, പണം എടുത്ത എ.ടി.എമ്മും, പാറ്റ്നയിലും, വാരണാസിയിലും, ഇവർ താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
വാരണാസിയിൽ വച്ച് ക്ഷേത്ര ദർശനത്തിനെന്നുപറഞ്ഞ് ആദിത്യൻ ഇറങ്ങുകയും, രഖിൽ തനിച്ച് നാട്ടിലേക്ക് പോരുകയുമായിരുന്നു. അഞ്ച് ദിവസം നീണ്ട തെളിവു ശേഖരണമായിരുന്നു. ജില്ലാ പോലീസ് മേധാവിയും, അന്വേഷണത്തലവനുമായ കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ എസ്.എച്ച്.ഒ വി.എസ് വിപിൻ, എ.എസ്.ഐ വി.എം.രഘുനാഥൻ, സി പി ഒമാരായ എം.കെ.ഷിയാസ്, ബേസിൽ.പി.ഏലിയാസ് എന്നിവരാണ് സംഘത്തിലുള്ളത്.