കോതമംഗലം: അമ്മയെ സഹായിക്കാന്‍ പാടത്തിറങ്ങിയ കാര്‍ത്തികും, ആദിശേഷനുമാണിപ്പോള്‍ നാട്ടിലെ താരങ്ങള്‍. മാതാപിതാക്കള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നെല്‍പാടത്ത് പരിചയ സംബന്നരെ പോലെ നെല്‍കറ്റ കൊയ്തെടുക്കുന്ന കാര്‍ത്തികും കാര്‍ത്തികിനെ സഹായിക്കുന്ന കൂട്ടുകാരന്‍ ആദിശേഷന്‍റെയും വീഡിയോ അച്ഛന്‍ വിജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഇരുവരും നാട്ടിലെ താരങ്ങള്‍ ആയത്. ഇരമല്ലൂരില്‍ ഒരേക്കറോളം വരുന്ന പാടശേഖരത്താണ് ഇരമല്ലൂര്‍ സ്വദേശിയായ പ്ലാത്തും മൂട്ടില്‍ വിജേഷും ഭാര്യ സിമിയും നെല്‍കൃഷി ഇറക്കിയത്. കൃഷി പാകമായി വിളവെടുപ്പായതോടെ നെല്ല് കൊയ്ത് വിളവെടുക്കാന്‍ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കാര്‍ത്തിക്കും സുഹൃത്തായ ആദിശേഷനും.
ഈ പാടത്ത് കൃഷി ഇറക്കാനും കാര്‍ത്തിക് മാതാപിതാക്കളോടൊപ്പംഎത്തിയിരുന്നതായും വീട്ടിലെ മറ്റ് കൃഷികളിലും പശുക്കളുടെ പരിപാലനത്തിലും കാര്‍ത്തിക്കിന്‍റെ സഹായം ഉളളതായി അച്ഛന്‍ വിജേഷ് പറഞ്ഞു. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ 5 ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.സുഹൃത്തും അയല്‍വാസിയുമായ ആദി ശേഷന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. കോവിഡ് പശ്ചാത്തലത്തില്‍ സ്ക്കൂളുകള്‍ അടക്കുകയും പഠനം ഓണ്‍ലൈനിലേക്ക് മാറുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ക്ക് സഹായവുമായി കാര്‍ത്തിക് പാടത്തേക്ക് ഇറങ്ങിയത്. അമ്മ സിമി ക്ഷീര കര്‍ഷകയും തൊഴിലുറപ്പ് തൊഴിലാളിയുമാണ്. കാര്‍ത്തികിന് ഒരുസഹോദരി കൂടി ഉണ്ട് കീര്‍ത്തന ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് സ്ക്കൂള്‍ 7 ആം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്