കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് നിവാസികളുടെ കണ്ണുലുണ്ണിയായി വളർന്ന് ‘കുഞ്ഞുമ്മി’എന്നുള്ള വിളിപ്പേരുമായി കോതമംഗലത്തിന്റെ ജനനേതാവായിത്തീർന്ന സഖാവ് ടി.എം. മീതിയന്റ 19-ാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു സഖാവ് ടി.എം. കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് 2001 മാർച്ച് 18 ന് സഖാവ് വേർപിരിഞ്ഞത്. സി പി ഐ എം ന്റെ കോതമംഗലത്തെ പ്രഥമ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോതമംഗലത്ത് ട്രേഡ് യൂണിയനുകളും കർഷക പ്രസ്ഥാനവും കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.
26 വർഷം നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്നു സഖാവ്. 1967ൽ കോതമംഗലത്തു നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സി പി ഐ എം എം എൽ എ യായി. കോതമംഗലം ബി ഡി സി ചെയർമാൻ, പ്രഥമ എറണാകുളം ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ സഖാവിന്റെ പ്രത്യേക ശൈലി ഏതൊരു പൊതു പ്രവർത്തകർക്കും മാതൃകയാണ്. നെല്ലിക്കുഴി പഞ്ചായത്തിലെ പ്രശസ്തമായ തോട്ടത്തിക്കുളം കുടുംബാഗമായിരുന്നു സഖാവ്.
ചെറുവട്ടൂർ കവലയിൽ കൊറോണ വൈറസ് ബാധയ്ക്കെതിരായ തുജനബോധവൽക്കരണത്തിനുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സി.പി.ഐ.(എം) പ്രവർത്തകർ ടി.എം.മീ തിയൻ ദിനാചരണത്തിന്റെ ഭാഗമായി ചെങ്കൊടി ഉയർത്തിയത്.
“മാർച്ച് 18 സഖാവ് ടി.എം.മീതിയൻ ദിനാചരണം സിന്ദാബാദ്.. കോതമംഗലത്തിൻ ജനനായകനാം നെല്ലിക്കുഴിയുടെ കുഞ്ഞമ്മിയ്ക്ക് ചോര ചുവപ്പൻ അഭിവാദ്യങ്ങൾ ” എന്നു തുടങ്ങിയ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയുടെ പാറ്റേൺ പെട്ടെന്ന് ഒന്ന് റൂട്ട്മാറി. പരമ്പരാഗതമായ മുദ്രാവാക്യ ശൈലിയിൽ നിന്നും വ്യത്യസ്തമായി കാലികമായി മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തായ കോവിഡ് 19 നെ ചെറുക്കാൻ പാലിക്കേണ്ട വ്യക്തി ശുചിത്വം മുതൽ സാമൂഹിക ജാഗ്രത വരെവിളംബരം ചെയ്യുന്ന പുത്തൻ ബോധന സന്ദേശത്തോടു കൂടിയ വേറിട്ട മുദ്രാവാക്യമാണ് പാർട്ടി സഖാക്കളുടെ കണ്ഠനാളങ്ങളിൽ നിന്നും പിന്നീട് മുഴങ്ങിക്കേട്ടത്.
ചെറുവട്ടൂർ കവലയിൽ പ്രഭാത സമയത്ത് ഉയർന്നു കേട്ട ഈ “കൊറോണ ബോധവൽക്കരണം ” ഓട്ടോറിക്ഷാ തൊഴിലാളികളും കച്ചവടക്കാരും ബസ് കാത്തുനിൽപ്പുകാരും ചെവിടോർത്ത് കേട്ട് നിന്നത് ടി.എം.മീതിയൻ ദിനാചരണത്തെ ശ്രദ്ധേയമാക്കി. ടി.എം.ദിനാചരണത്തിനൊപ്പം മാർച്ച് 19 ലെ സഖാവ് ഇ.എം.എസ്.ദിനാചരണത്തിന്റേയും മാർച്ച് 22 ലെ സഖാവ് ഏ.കെ.ജി.ദിനത്തിന്റെയും വിളംബരം കൂടി നടത്തിയാണ് ജനശ്രദ്ധ കവർന്ന മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്. ദിനാചരണത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. പരീത് അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. ചെറുവട്ടൂർകവല ബ്രാഞ്ച് സെക്രട്ടറി കെ.എം.ബാവു പതാക ഉയർത്തി. പി.പത്മനാഭൻ നായർ, എം.കെ.ശേഖരൻ, കെ.കെ.തങ്കപ്പൻ, പി.എച്ച്.കൊച്ചുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.