കോതമംഗലം : ഇന്ന് കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റാൻഡിനോട് ചേർന്നുള്ള ശുചിമുറിയുടെ സമീപം കണ്ട കാഴ്ച്ച ഏതൊരു മലയാളിയുടേയും തല കുനിക്കുന്നതും കണ്ണുകളെ ശപിക്കുന്നതുമായി മാറി. ആയിരക്കണക്കിന് വിദ്യാർത്ഥികളും ഹൈറേഞ്ച് യാത്രക്കാരും വന്ന് പോകുന്ന ബസ് സ്റാൻഡിനോട് ചേർന്നുള്ള വനിതകളുടെ ടോയ്‌ലറ്റ് ഉപയോഗശൂന്യമായി പൂട്ടിയിട്ടിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. നിരവധി പ്രാവശ്യം കോതമംഗലം വാർത്ത ഈ പ്രശ്‌നം അധികാരികളുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. സ്ത്രീ ശാസ്ത്രീകരണവും നവോദ്ധാനവും തുടങ്ങി സാങ്കൽപ്പിക വാഗ്ദാനങ്ങൾ മാത്രം നൽകി സ്ത്രീകളുടെ മാനത്തിനും അല്മഭിമാനത്തിനും ആശങ്കക്കും പുല്ല് വിലപോലും കൽപ്പിക്കാതെ പ്രത്യയശാത്രത്തിൽ അഭിരമിക്കുന്നവർക്ക് ഒഴിച്ച് ബാക്കി മലയാളികൾക്ക് അപമാനമുണ്ടാക്കുന്നതാണ് ഇന്നത്തെ സംഭവം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തു എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഒരു ഇടം പോലും ഒരുക്കുവാൻ കോതമംഗലം നഗരസഭക്ക് സാധിക്കുന്നില്ലെങ്കിൽ അതിന്റെ കൂടി പാപഭാരം പേറേണ്ട ദുർഗതി ഓരോ കോതമംഗലം നിവാസിക്കും വന്നുചേരുകയാണ്.
കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ത്രീകളുടെ ശുചിമുറി ഏറെ നാളുകളായി പ്രവർത്തന രഹിതമായി അടഞ്ഞുകിടക്കുകയാണെന്നും, ഇതുമൂലം ദിനംപ്രതി കോതമംഗലത്ത് എത്തുന്ന വനിതാ യാത്രക്കാർക്കും മൂന്നാർ, തേക്കടി ഭാഗത്തേക്ക് സഞ്ചരിക്കുന്ന വനിതാ വിനോദ സഞ്ചാരികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഈ വിഷയം അടിയന്തരമായി പരിഗണിച്ച് ഇതിന് ഒരു പരിഹാരം കണ്ടെത്തി കോതമംഗലം നഗരത്തെ വനിതാ സൗഹൃദ നഗരമാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോതമംഗലം നിയോജക മണ്ഡലം, വനിതാ വിoഗ് , ഭാരവാഹികൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിനു മുന്നിൽ പരാതി നൽകിയെങ്കിലും പരിഹാരം ഒരു തീണ്ടാപ്പാട് അകലെയാണ്. ഈ മാർച്ചിൽ കടന്നുപോയ വനിതാ ദിനവും സ്ത്രീ മുന്നേറ്റവും ആഘോഷിച്ചവർ വടക്കേ ഇന്ത്യയിലേക്ക് മാത്രം നോക്കാതെ കോതമംഗലം നഗരത്തിലേക്കും ഇടക്ക് ദൃഷ്ടി പായിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക