കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും കണക്കാക്കി 54,55,5000/രൂപ നീക്കിയിരിപ്പുമുളള ബഡ്ജറ്റാണ് കൌണ്‍സില്‍ പാസ്സാക്കിയത്. കാര്‍ഷിക, പാര്‍പ്പിട, കുടിവെളള, കായിക, ആരോഗ്യ മേഖലകള്‍ക്കും ശുചിത്വ മാലിന്യ സംസ്‌കരണത്തിനും തുല്യ പ്രാധാന്യം നല്‍കി പ്രദേശിക സാമ്പത്തിക വികസനത്തിനാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു.
ലൈഫ് പദ്ധതിക്ക് നഗരസഭാ വിഹിതമായി ഒരു കോടി രൂപ, ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ, പൊതു ശ്മശാനത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തി. നഗരസഭ പരിധിക്കുള്ളിലെ താമസക്കാരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും പിന്നോക്ക വരുമാനക്കാരായ തദ്ദേശവാസികള്‍ക്കും ക്രിമേഷനും ആമ്പുലന്‍സ് സൌകര്യവും സൗജന്യമായി നല്‍കുന്നതാണ്. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ഒരുകോടി രൂപ, ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിന്റെ കാലപ്പഴക്കം മൂലം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നതിന് ആറ് കോടി രൂപ, മുന്‍ വര്‍ഷങ്ങളില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള തുക 70 ലക്ഷം രൂപ, ഓഫീസ് നവീകരണത്തിനായി 1.5 കോടി രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. എബിസി സെന്റര്‍ ആരംഭിക്കുന്നതിനും തെരുവുനായ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണത്തിനായി ഷെല്‍റ്റര്‍ സംവിധാനം ഒരുക്കുന്നതിനും 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളുടെ നവീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 85 ലക്ഷം രൂപ വകയിരുത്തി. കൂടാതെ കാര്‍ഷിക, ഉത്പാദന മേഖലകളില്‍ 1.27 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സാ ധനസഹായം നല്‍കുന്നതും ഉള്‍പ്പെടെയുള്ള താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപ, വെണ്ടുവഴി വെല്‍നസ് സെന്ററിന് സ്ഥലം വാങ്ങുന്നതിന് 30 ലക്ഷം രൂപ, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപ, ഐസിയു സൌകര്യമുള്ള അത്യാധുനിക ആംബുലന്‍സ് വാങ്ങുന്നതിന് 25 ലക്ഷം രൂപ, ശുചിത്വ നഗരം, സീവേജ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ എന്നിങ്ങനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അയ്യപ്പന്‍മുടിയുടെ സാദ്ധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി കോതമംഗലത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, കായിക മേഖലയുടെ ഉന്നമനത്തിനായി രാമല്ലൂര്‍, കറുകടം, പുതുപ്പാടി എന്നിവിടങ്ങളില്‍ സ്ഥലം വാങ്ങി മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് ഒന്നരക്കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പുറമ്പോക്ക് നിവാസികള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് പദ്ധതിക്കായും തുക മാറ്റി വച്ചിട്ടുണ്ട്. കൗണ്‍സില്‍ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അദ്ധ്യക്ഷത വഹിച്ചു.























































