കോതമംഗലം : കാർഷിക രംഗത്ത് ഏറെ ഉപയോഗപ്രദമായ ഉപകരണത്തിന്റെ ഡിസൈൻ, പ്രവർത്തന രീതി എന്നിവയ്ക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ പേറ്റന്റിന് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് അർഹമായി. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനായി നാളികേരം ഉടക്കാതെ തന്നെ തേങ്ങയുടെ മാംസളഭാഗം പുറത്തെടുക്കുവാനുള്ള ഉപകരണമാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ അസ്സിസ്റ്റന്റ് പ്രൊഫസ്സറായ കിരൺ ക്രിസ്റ്റഫർ കണ്ടുപിടിച്ചത്. ഈ ഉപകരണത്തിന്റെ പ്രവർത്തന രീതിക്കാണ് 2021 ൽ ഓസ്ട്രേ ലിയൻ ഗവൺമെന്റിൽ നിന്നും ഇന്നവേഷൻ പേറ്റന്റ് ലഭിച്ചത്.
കരകൗശല നിർമ്മാണ മേഖലയിൽ ചിരട്ടയുടെ ആകൃതി മുഴുവൻ ആയി നിലനിർത്തി മാംസളഭാഗം പുറത്തെടുക്കുവാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കെമിക്കൽ ഉപ യോഗിച്ചാണ് മുമ്പ് ഇത് ചെയ്തിരുന്നത്. പുതിയ ഉപകരണത്തിന്റെ വരവോട് കൂടി ചിരട്ട മുഴുവനായും ആകൃതി നിലനിർത്തി വിവിധ കരകൗശല വസ്തു ക്കൾ ഉണ്ടാക്കാമെന്നതും തേങ്ങയുടെ മാംസളഭാഗം ഉപയോഗിക്കാമെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്. കേളേജിന് 2021 ൽ തന്നെ കാർഷിക രംഗത്ത് ലഭിക്കുന്ന രണ്ടാമത്തെ പേറ്റന്റാണ് ഇത്. കാറ്റിൽ നിന്നും വാഴയെ സംരക്ഷിക്കുന്നതിനുള്ള സ്ട്രക്ചറിനാണ് മുമ്പ് പേറ്റന്റ് ലഭിച്ചിരുന്നത്.
കാർഷിക രംഗത്തെ ഉന്നമനത്തിന് ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഗവേഷണ ങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന കോളേജ് മാനേജ്മെന്റിന്റെ കാഴ്ചപ്പാടിന്റെ ഫലമാണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചതെന്ന് മാർ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മാത്യു കെ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ അറിയിച്ചു.