കോതമംഗലം: തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനേഴാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് ഇന്റര്‍ ക്ലബ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി 437 പോയിന്റ് നേടി മാര്‍ അത്തനേഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമി ഹാട്രിക് വിജയത്തില്‍. കളിക്കളത്തില്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു എം.എ.യുടെ താരങ്ങള്‍. കേരളത്തിലെ എല്ലാ ക്ലബ്ബുകളും, അക്കാദമികളും, സ്‌കൂളുകളും, കോളേജുകളും മാറ്റുരയ്ക്കുന്ന 2500 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എം.എ. സ്‌പോര്‍ട്‌സ് അക്കാദമി ഹാട്രിക് വിജയം നേടിയത്.
മാര്‍ അത്തനേഷ്യസ് അക്കാദമിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ മികവ് തെളിയിച്ച ആറ് പരിശീലകരാണ് വിവിധ ഇനങ്ങളില്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത്. ത്രോ ഇനങ്ങളില്‍ സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും പരിശീലകനുമായ പ്രൊഫ. പി.ഐ. ബാബു ആണ് നേതൃത്വം നല്‍കുന്നത്. മധ്യ-ദീര്‍ഘദൂര ഇനങ്ങളില്‍ മുന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ ആയിരുന്ന ഡോ. ജോര്‍ജ് ഇമ്മാനുവേല്‍ ആണ് പരിശീലകന്‍. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്് കൗണ്‍സില്‍ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച പി.പി. പോളും, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ അഞ്ജു ബെന്നിയുമാണ് സ്പ്രിന്റ്, ഹര്‍ഡില്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത്. മുന്‍ ദേശീയ ടീമിന്റെ പരിശീലകനും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനും ആയിരുന്ന എം.എ. ജോര്‍ജ് ജംമ്പ് ഇനങ്ങളിലും, കെ.പി.അഖില്‍ പോള്‍വാള്‍ട്ട് പരിശീലകനുമാണ്.
മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ദീര്‍ഘവീക്ഷണമാണ് വിജയത്തിന് പിന്നിലെ ചാലകശക്തി. കേരളത്തില്‍ തന്നെ വ്യത്യസ്തയിനങ്ങളില്‍ പ്രവീണ്യം നേടിയ പരിശീലകരെ വച്ചു വളരെ പ്രൊഫഷണല്‍ ആയി നടത്തപ്പെടുന്ന ഏക സ്വകാര്യ അക്കാദമി ആണ് എം.എ. സ്‌പോര്‍ട്‌സ് അക്കാദമി. വിജയികളെ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഡെന്‍സിലി ജോസും കായിക വിഭാഗം മേധാവി ഹാരി ബെന്നിയും അഭിനന്ദിച്ചു.