കോതമംഗലം : കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്തു നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ കെ എസ് ആർ ടി സി ”ജംഗിൾ സഫാരി” ആരംഭിച്ചു. കാണാകഴ്ചകൾ കണ്ട് കാടിനെ തൊട്ടറിഞ്ഞുള്ള ആ നയന മനോഹര ആനവണ്ടി യാത്ര സൂപ്പർ ഹിറ്റ്. ഞായറാഴ്ച രാവിലെ 9 മണിക്കാണ് സഞ്ചാരികളുടെ മനം മയക്കുന്ന ആനവണ്ടി യാത്ര കോതമംഗലം ആനാവണ്ടിത്തവളത്തിൽ നിന്ന് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്‌തു. ചടങ്ങിൽ കോതമംഗലം എ റ്റി ഒ എ ടി ഷിബു,കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,ട്രേഡ് യൂണിയൻ നേതാക്കളായ ആർ എം അനസ്,സി എം സിദ്ദീഖ്,അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കാണാകാഴ്ചകൾ കണ്ട് പ്രകൃതിയുടെ മടിത്തട്ടിലുടെ ആനവണ്ടിയിലൊരു രാജകിയ യാത്ര.അതും കാട്ടാനകൾ വിഹരിക്കുന്ന കൊടും കാട്ടിലൂടെ. കാട്ടാനകളുടെയും കാട്ടാറുകളുടെയും ഇടയിലൂടെ വശ്യ മനോഹരമായ കാനന ഭംഗി ആസ്വദിച്ച് കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കായിരുന്നു ആനവണ്ടി സവാരി. പച്ചപ്പട്ടണിഞ്ഞ, കോടമഞ്ഞിൻ താഴ് വരയിലൂടെ തണുത്ത കാറ്റിന്റെ തൂവൽ സ്പർശം ഏറ്റുവാങ്ങി തെക്കിന്റെ കാശ്മീരിലോട്ടുള്ള ആനവണ്ടി സവാരിയെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ലെന്ന് ജീവ തോമസ് പറയുന്നു. പുതിയ നവ്യനുഭൂതിയാണ് തനിക്ക് പകർന്ന് നൽകിയതെന്നും ഈ യാത്ര മനോഹരമായ അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും പ്രൊഫ. ബെന്നി ചെറിയാനും പറഞ്ഞു. കുട്ടമ്പുഴ ക്ക് സമീപം ഞായപ്പിള്ളിയിൽ എത്തിയപ്പോൾ ഞായപ്പിള്ളി സെന്റ്. ആന്റണിസ് പള്ളി വികാരി ഫാ. ജോൺസൻ പഴയപ്പീടികയിലിന്റെ നേതൃത്വത്തിൽ സ്വികരണം നൽകി. പൊന്നാട അണിയിച്ചാണ് ആന്റണി ജോൺ എം എൽ എ യെയും ബസ് ജീവനക്കാരെയും സ്വികരിച്ചത്.
കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി ഒരുക്കിയ അസുലഭ അവസരം ഏറെ പ്രയോജനകരമായി എന്നാണ് എല്ലാവരും പറഞ്ഞത്. കോതമംഗലം-തട്ടേക്കാട്-കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം-ലക്ഷ്മി എസ്‌റ്റേറ്റ് വഴിയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഈ ട്രയൽ ട്രിപ്പ്. നിരവധി മായിക കാഴ്ചകൾ ആണ് ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് സമ്മാനിച്ചത്. വെള്ളി ചില്ലം വിതറി തുള്ളി തുള്ളി ഒഴുകുന്ന കാട്ടരുവികളും, മലനിരകളിൽ വെള്ളിവര തീർക്കുന്ന വെള്ള ച്ചാട്ടങ്ങളും, ഏറു മാടങ്ങളും എല്ലാം കണ്ട് ഒരു അടിപൊളി ആനവണ്ടി യാത്ര. പച്ചപ്പിന് മുകളിൽ കോട മഞ്ഞു പെയിതിറങ്ങുന്ന കാഴ്ച തന്നെ മനോഹരം.
മൂന്നാർ എത്തിയ ശേഷം തിരിച്ചു കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലൂടെ അടിമാലി-നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചത് . വിവിധ ഡിപ്പോകളിൽ നിന്ന് നടത്തുന്ന കെ എസ് ആർ ടി സി യുടെ ഉല്ലാസ യാത്ര ട്രിപ്പ്കൾ സഞ്ചാരികളുടെ വൻ പങ്കാളിത്തം കൊണ്ട് വിജയമായി മാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം ഡിപ്പോയും പരീക്ഷണാടിസ്ഥാനത്തിൽ ഈ യാത്ര ആരംഭിച്ചത്. അതും സൂപ്പർ ഹിറ്റ് ആയി മാറി. കോവിഡ് കാല കിതപ്പിനോടുവിൽ വൻ കുതിച്ചു ചട്ടമാണ് കെ എസ് ആർ ടി സി നടത്തിയത്. ഒക്ടോബർ മാസത്തിലെ വരുമാനം 113.77 കോടി രൂപയാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ആദ്യമായാണ് കെ എസ് ആർ ടി സി യുടെ പ്രതിമാസ വരുമാനം 100 കോടി കടന്നത്. കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ: 9447984511,9446525773.