കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ നാടുകാണിയിൽ പുതിയ മാവേലി സ്റ്റോർ ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നാടുകാണിയിൽ പുതിയ മാവേലി സ്റ്റോർ ആരംഭിക്കുന്നത് സംബന്ധിച്ച് എറണാകുളം മേഖലാ മാനേജർ സാധ്യതാ പഠനം നടത്തി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കീരംപാറ,കവളങ്ങാട് പഞ്ചായത്തുകളുടേയും, കോതമംഗലം മുൻസിപ്പാലിറ്റിയുടേയും സംഗമ പ്രദേശം കൂടിയായ നാടുകാണിയിൽ പുതുതായി മാവേലി സ്റ്റോർ ആരംഭിച്ചാൽ നൂറ് കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതിനാൽ എറണാകുളം മേഖല മാനേജർ സമർപ്പിച്ചിട്ടുള്ള സാധ്യത റിപ്പോർട്ടിൽ തുടർ നടപടികൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോതമംഗലം നാടുകാണിയിൽ പുതിയ മാവേലി സ്റ്റോർ സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നും,കീരംപാറ പഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോർ നാടുകാണിയിൽ ആരംഭിക്കുന്നതിനുള്ള മേഖല മാനേജരുടെ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഭ്യമായ നിർദ്ദിഷ്ട കെട്ടിടത്തിന് സപ്ലൈകോ വാടക നല്കണമെന്നും പുതിയ വിൽപനശാലക്കാവശ്യമായ ജീവനക്കാർ ലഭ്യമല്ല എന്നും റീജിയണൽ മാനേജർ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നിർദ്ദിഷ്ട കെട്ടിടം നേരിൽ പരിശോധിച്ച് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ കൂടി വിലയിരുത്തി റിപ്പോർട്ട് നല്കുന്നതിന് സപ്ലൈകോ മേഖല മാനേജർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി ആർ അനിൽ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.