എറണാകുളം : കോതമംഗലം പള്ളിക്കേസിൽ വിധി നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. രണ്ടു സഭകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചർച്ചകളിൽ ധാരണ ഉണ്ടെന്നും സർക്കാർ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നത് സമാധാന ശ്രമങ്ങളെ തകർക്കുന്നതാകും. ചർച്ചയിൽ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരുമെന്നും ആഭ്യന്തര സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നാനാ ജാതി മതസ്ഥരുടെ അഭയകേന്ദ്രമായ ചെറിയ പള്ളി ഏറ്റെടുത്താൽ ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് ഹൈക്കോടതിയെ അറിയിച്ചു. കലക്ടറും ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് പള്ളി ഏറ്റെടുക്കുന്ന നടപടികൾ നിർത്തി വച്ചിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്നു ചർച്ചകളിൽ ധാരണ ഇല്ലെന്ന് ഓർത്തഡോക്സ് സഭ കോടതിയെ അറിയിച്ചു. കേന്ദ്ര സേനയെ വിന്യസിപ്പിച്ച് ഏറ്റെടുക്കൽ നടപ്പാക്കേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ തുടരുന്നത്.