കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ടാറിംഗ് പൊളിഞ്ഞ് കുഴികളിൽ വാഹനങ്ങൾ പതിച്ചും നിയന്ത്രണം വിട്ടു നിരവധി അപകടങ്ങൾ തുടർക്കഥ. ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് ഊന്നുകൽവെള്ളാമ കുത്തിൽ ജനകീയ പ്രതിഷേധം നടത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ടാറിംഗ് നടത്തിയിട്ട് 4 മാസം മാത്രമേ ആയിട്ടുള്ളു. റബ്ബറൈസ്സടും ഗ്യാരന്റി ടാറിങ്ങുമാണ് നടത്തെണ്ടത്. എന്നാൽ ഗുണനിലവാരമില്ലാത്തതും വേണ്ടത്ര മിശ്രിതമില്ലാത്തതുമാണ് കോതമംഗലം മുതൽ നേര്യമംഗലം വരെയുള്ള ദേശീയ പാതയിലെ ടാറിംഗ് കുറഞ്ഞ നാളുകൾക്കുള്ളിൽ തകർന്ന് അപകട കുഴിക രൂപപ്പെടുന്നതിന് കാരണമായതെന്ന് സമരക്കാർ ആരോപിക്കുന്നു. നിരവധി വാഹനങ്ങൾ ദിനംപ്രതി കുഴികളിൽ വീണ് യാത്രക്കാരുൾപ്പെടെയുള്ളവർക്ക് പരിക്കുകൾ പറ്റുന്നത് നിത്യസംഭവമാണ്. ഇന്ന് കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലെ തേനിയിലേക്ക് ചരക്കുമായി പോയ വാഹനം കുഴിൽ ചാടാതെ വെട്ടിച്ചതു മൂലം സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻഭാഗത്തിടിച്ച് കാർ ഭാഗികമായി തകർന്നു.ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി.
ഊന്നുകൽ ജനകീയ കൂട്ടായ്മ നടത്തിയ പ്രതിഷേധ സമരം എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. സമരത്തിൽ ഷംസ് മുളമ്പേൽ, ഷിജു വെള്ളിപ്പന, ജോമോൻ ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തുകയും സമരക്കാരും റോഡ് കരാറുകാരനുമായി സംസാരിച്ച് റോഡിന്റെ അപാകതകൾ പരിഹരിക്കാൻ നടപടി തുടങ്ങി