കോതമംഗലം : പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ കോതമംഗലത്ത് സംഭരണം പുരോഗമിക്കുന്നു. കീരംപാറ സ്വാശ്രയ വിപണിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രധാനമായും നേന്ത്രവാഴക്കുലകളാണ് വിപണിയിൽ എത്തുന്നത്. നിലവിൽ 16 ഇനങ്ങൾക്കാണ് കൃഷി വകുപ്പു വഴി തറവില ആനുകൂല്യം നൽകുന്നത്. കോതമംഗലത്തെ കീരംപാറ, പോത്താനിക്കാട് വി.എഫ്. പി. സി. കെ യുടെ സ്വാശ്രയ കാർഷിക വിപണി വഴിയാണ് ഇതിനായുള്ള സംഭരണം നടക്കുന്നത്. തറവില ആനുകൂല്യത്തിനായി എല്ലാ കർഷകരും അതാതു വിളകൾ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൃഷിസ്ഥലം ഉൾപ്പെടുന്ന കൃഷിഭവനിലെ ഉദ്യോഗസ്ഥർ അംഗീകരിച്ചതിനു ശേഷമാണ് ആനുകൂല്യം ലഭിക്കുക. പ്രസ്തുത വിളകളെ നിർബന്ധമായും ഇൻഷുറൻസ് ചെയ്യണമെന്ന വ്യവസ്ഥയിൽ നവംബർ 30 വരെ ഇളവുണ്ടായിരിക്കുന്നതാണ്. കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.പി സിന്ധു, കീരംപാറ കൃഷിഭവൻ ഉദ്യോഗസ്ഥരായ പി.എൽദോസ് , ബേസിൽ വി.ജോൺ, സ്വാശ്രയ സംഘം വിപണി മാനേജർ ലിൻസ ജോസഫ് തുടങ്ങിയവർ ചേർന്ന് വിപണി പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്വാശ്രയ വിപണികൾ വഴി ഇതിനു മുമ്പും ലേലം വഴിയുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു എങ്കിലും തറവില ആനുകൂല്യത്തിന് എയിംസ് പോർട്ടൽ വഴി അപേക്ഷ നിർബന്ധമാണെന്നും, വിലക്കുറവു നേരിടുന്ന നേന്ത്രവാഴ കർഷകർ കൃഷിഭവനുമായി എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് എയിംസ് പോർട്ടൽ രജിസ്ട്രേഷൻ വഴി ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടതാണെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.