കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിന് ഉടൻ അനുമതി നൽകുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമ സഭയിൽ വ്യക്തമാക്കി. കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദവുമായ ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിന് വേഗത്തിൽ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് 5.50 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് വേഗത്തിൽ അനുമതി നൽകണമെന്നും,പ്രൈസ് ഐ ഡി നം: ആർ ഡി/2018/7709 ആയി തയ്യാറാക്കിയിട്ടുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ തുടർ നടപടി വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഇഞ്ചത്തൊട്ടി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 5.50 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്കായി നിരത്തു വിഭാഗം ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുകയും എന്നാൽ റോഡ് ഒ ഡി ആർ വിഭാഗത്തിൽ വരുന്നതിനാൽ ഭരണാനുമതി നൽകിയിട്ടില്ലെന്നും എന്നാൽ, 2020-21 വർഷത്തിലെ ബഡ്ജറ്റിൽ ഈ പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഉടൻ അനുമതി നൽകുന്നതാണെന്നും ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login