കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ ഏറുപുറം എസ് സി കോളനിയിൽ ഒരു കോടി രൂപയുടെ നവീകരണം പൂർത്തിയായതായും, ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 11:30 ന് ബഹു:മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.ഏറുപുറം കോളനിയിൽ 51 പട്ടിക ജാതി കുടുംബങ്ങളാണ് താമസിക്കുന്നത്. കോളനി നവീകരണത്തിൻ്റെ ഭാഗമായി ഗതാഗത സൗകര്യം,കുടിവെള്ള വിതരണം,ശുചിത്വ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കോളനിയിൽ നടപ്പിലാക്കി.ഇതിന്റെ ഭാഗമായി കോളനിയിൽ റോഡുകളുടെ കോൺക്രീറ്റിങ്ങ്,കൾവെർട്ടുകളുടെ നിർമ്മാണം,സംരക്ഷണ ഭിത്തി നിർമ്മാണം,കുടിവെള്ള പദ്ധതിക്കായി കിണറുകളുടെ നവീകരണം,വീട് മെയ്ന്റനൻസ്,സോളാർ പാനലുകൾ,ജലസേചന പദ്ധതിക്കായി തടയണ നിർമ്മാണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതായും എംഎൽഎ പറഞ്ഞു. പൊതു മേഖല സ്ഥാപനമായ എഫ് ഐ റ്റി ആയിരുന്നു നിർമ്മാണ പ്രവർത്തികൾ നിർവ്വഹിച്ചത്. നവീകരണത്തോടെ കോളനിയുടെ ഭൗതീക സാഹചര്യം ഏറെ മെച്ചപ്പെട്ടതായും എംഎൽഎ അറിയിച്ചു.
						
									


























































