കോതമംഗലം: പുലിയൻ പാറ കത്തോലിക്കാ പള്ളിയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്നതും വിശ്വാസികൾ ഏറെ വണക്കത്തോടെ കണ്ടിരുന്നതുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ
തിരുസ്വരൂപം കഴിഞ്ഞ രാത്രിയിൽ സാമൂഹികവിരുദ്ധർ തൽസ്ഥാനത്തുനിന്ന് ഇളക്കിമാറ്റി സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവം അത്യന്തം ഖേദകരമെന്ന് കോതമംഗലം രൂപത. ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടും ഉള്ള തികഞ്ഞ അവഹേളനവും അതിക്രമവുമാണിതെന്ന് രൂപത വ്യക്തമാക്കി. പ്രദേശത്ത് നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കുന്നതിന് സാമൂഹ്യവിരുദ്ധർ നടത്തുന്ന ബോധപൂർവമായ ശ്രമമാണ് ഇതെന്ന സംശയവും ബലപ്പെടുന്നുണ്ട്.
പള്ളിയുടെ വികാരി ഫാ. പോൾ ചൂരതൊട്ടിയുടെയും ഇടവകയിലെ വിശ്വാസികളുടെയും സംയമനപൂർവവും നിയമപരവുമായ എല്ലാ നടപടികൾക്കും രൂപത പിന്തുണ പ്രഖ്യാപിച്ചു. ഊന്നുകൽ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനുള്ള ഊന്നുകൽ പോലീസിന് എല്ലാ പ്രവർത്തനങ്ങൾക്കും രൂപയുടേയും ഇടവകയുടെയും സഹകരണം ഉണ്ടാകുമെന്നും രൂപത അറിയിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾ തിരുത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നും രൂപത പി ആർ ഒ വ്യക്തമാക്കി.