കവളങ്ങാട്: തലക്കോട് പാടശേഖത്തിലെ തരിശ് നില നെൽകൃഷിയിൽ നൂറ് മേനി വിളവ്.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് കൃഷി ഭവൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും, അനാമിക കുടുംബശ്രീ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് വർഷമായി തരിശായി കിടന്ന താഴത്തൂട്ട് റ്റി.പി.അബ്രാഹം എന്ന കർഷകൻ്റെ രണ്ട് ഏക്കറോളം വരുന്ന പാടത്ത് ചെയ്തിരുന്ന നെൽകൃഷിയിൽ നിന്നാണ നൂറ് മേനി വിളവ് കൊയ്തത്.
സംസ്ഥാന കൃഷിവകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം. കൃഷി വകുപ്പ് ആർ.കെ.വി.വൈ പദ്ധതി പ്രകാരം നൽകുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തിയാണ് കർഷകർ നെൽ കൃഷിയിറക്കിയത്.
തലക്കോട് പാടശേഖരത്തിൽ നടന്ന ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ കൊയ്ത്ത് ഉത്സവം ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഹ്റ ബഷീർ ,രാജേഷ് കുഞ്ഞുമോൻ സി.ഡി.എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ, അസിസ്റ്റൻറ് കൃഷി ഓഫീസർ കെ.സി.സാജു, രശ്മി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ.എ.സജി സ്വാഗതവും
അനാമിക കുടുംബശ്രീ സെക്രട്ടറി ഫൗസിയ സലിം നന്ദിയും പറഞ്ഞു.
ഫോട്ടോ: കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് പാടശേഖരത്തിലെ തരിശ് നെൽകൃഷിയുടെ വിളവെടുപ്പ് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ ഉത്ഘാടനം ചെയ്യുന്നു.