കവളങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ നടത്തിപ്പിനായി കവളങ്ങാട് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക, പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും കൃഷിയിലേക്ക് കൊണ്ടുവരിക, പച്ചക്കറി, പഴവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, നെല്ല് എന്നിവയിൽ സ്വയം പര്യാപ്തത നേടുക, പഞ്ചായത്തിലെ വിളകൾക്ക് അവിടെത്തന്നെ വിപണി കണ്ടെത്തുക, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സംസ്കരണം ഉറപ്പാക്കുക, സാമ്പത്തിക സാങ്കേതിക സഹായം കർഷകർക്ക് ലഭ്യമാക്കുക എന്നിങ്ങനെ വളരെ വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലുടെ ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യം, കുടുംബശ്രീ,തൊഴിലുറപ്പ്, ആരോഗ്യമേഖല, അദ്ധ്യാപകർ, സ്കൂൾ – അങ്കണവാടി കുട്ടികൾ എന്നിങ്ങനെ എല്ലാ വകുപ്പുകളേയും ഏകോപിച്ചു കൊണ്ടുള്ള കൂട്ടായ്മയും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. പഞ്ചായത്ത്തല സമിതികൾക്ക് പുറമെ വാർഡ്തലത്തിലും സമിതികൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകൾ, ഹരിത കർമ്മസേന ,നവ മാദ്ധ്യമങ്ങൾ എല്ലാം പ്രയാജനപ്പെടുത്തി കൊണ്ട് ബോധവൽക്കരണം പുരോഗമിക്കുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.
കവളങ്ങാട് പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്ന പഞ്ചായതല സമിതിയുടെ രൂപീകരണം പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായ ജോമി തേക്കേക്കര ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നൗഷാദ് പി എച്ച്, ഷിബു പടപറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ സിബി മാത്യു, വിജയൻ മോളേക്കുടി, ലിസി ജോർജ്, ഉഷ ശിവൻ, ജിൻസി മാത്യു, ടീനടിനു, തോമാച്ചൻ ചാക്കോച്ചൻ, ജെലിൻ വർഗീസ്, രാജേഷ് കുഞ്ഞുമോൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ കെ.ബി.മുഹമ്മദ്, എം എസ് പൗലോസ്, സി ഡി എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ, കാർഷിക വികസന സമിതി അംഗങ്ങൾ, എ ഡി എസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ ,പാടശേഖര സമിതി ഭാരവാഹികൾ, കേര സമിതി അംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ നിരവധി കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ കെ എ സജി സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ കെ.സി സാജു നന്ദിയും പറഞ്ഞു.