കവളങ്ങാട്: നെല്ലിമറ്റം ടൗണിൽ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. രണ്ടാഴ്ചയായിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ. കവളങ്ങാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം നേരിടുകയും പൂർണ്ണമായി പൈപ്പ് വെള്ളത്തെ ആശ്രയിക്കുകയും ചെയ്യുന്ന പ്രദേശമാണ് പഞ്ചായത്ത് ആസ്ഥാനം കൂടിയായ നെല്ലിമറ്റം ടൗണും പരിസര പ്രദേശങ്ങളായ കുറുങ്കുളം, നെടുംപാറ, കാട്ടാട്ടുകുളം, മില്ലുംപടി, പുല്ലുകുത്തി പാറ, കോളനിപ്പടി പ്രദേശങ്ങൾ.
ഇവിടേക്ക് നേര്യമംഗലം ആവോലിച്ചാലിൽ പെരിയാർ പുഴയിലെ വെള്ളം പമ്പ് ചെയ്ത് പ്രവർത്തിക്കുന്ന കുട്ടമംഗലം ശുദ്ധജല പദ്ധതിയുടെ ഭാഗമായിട്ടുള്ള മെയിൻ വിതരണ പൈപ്പാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി നെല്ലിമറ്റം ടൗണിൽ പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. ഇത് മൂലം പ്രദേശത്ത് കുടിവെള്ള വിതരണം സുഖമമല്ല. ടൗണിലെത്തുന്നവർ ദുരിതത്തിലുമാണ്. ആയതിനാൽ എത്രയും പെട്ടെന്ന് പൊട്ടിയ കുടിവെള്ള വിതരണ പൈപ്പ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.