കവളങ്ങാട് : വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന മോഷ്ടാക്കൾ പിടിയിൽ. കണ്ണൂർ കണ്ണങ്കരി അരവഞ്ചാലിൽ താമസിക്കുന്ന തേനി അല്ലിനഗർകോളനി സ്വദേശി മണികണ്ഠൻ (32), ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന തേനി അങ്കൂർപാളയം സ്വദേശി സുരേഷ് (28) എന്നിവരാണ് ഊന്നുകൽ പോലീസിന്‍റെ പിടിയിലായത്. ജൂലൈ 12 ന് കവളങ്ങാട്ടുള്ള വീട്ടിലാണ് മോഷണം നടന്നത്. ഉറങ്ങുകയായിരുന്ന എഴുപത് വയസുള്ള സ്ത്രീയുടെ കഴുത്തിൽക്കിടന്ന മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ ഒ.എ.സുനിൽ, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ പി.എസ്.സുധീഷ്, ജയകുമാർ, ബിജു ജോൺ സി.പി.ഒ പി.എൻ.ആസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
